NEWS

വയറുവേദനയ്‌ക്കെത്തിയ കുട്ടിക്ക് ചികിത്സ നിഷേധിച്ചു,​ അടുത്ത ദിവസം സ്വകാര്യ ആശുപത്രിയിൽ സർജറി; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഒമ്പതുകാരന് ചികിത്സ നിഷേധിച്ചെന്നാരോപിച്ച് കുട്ടിയുടെ കുടുംബം. കഠിനമായ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചെന്നാണ് പരാതി. മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിന് എതിരെയാണ് കുടുംബം പരാതി നൽകിയത്. ഒരു സ്വകാര്യ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

കഠിനമായ വയറുവേദനയെ തുടർന്ന് നടക്കാൻപോലും കഴിയാതെയാണ് കുട്ടി ആശുപത്രിയിൽ എത്തിയതെന്നും അഡ്‌മിറ്റാക്കി പരിശോധിക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. സിടി സ്‌കാൻ എടുക്കണമെന്ന് ആവർ‌ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്യാസിന്റെ ഗുളിക നൽകി വീട്ടിലേക്ക് മടക്കുകയായിരുന്നു. വീട്ടിലെത്തിയിട്ടും വേദന മാറാത്തതിനെ തുടർന്നാണ് പിറ്റേദിവസം മറ്റൊരു ഡോക്‌ടറെ സമീപിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ അപ്പൻഡൈറ്റസ് പൊട്ടി ഇൻഫക്ഷനായതായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തി.

വിഷയത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇന്ന് പരാതി നൽകും.പരാതിയിന്മേൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


Source link
NEWS

Back to top button