NEWS
ഒരു കുഴിയിൽ 2 മൃതദേഹങ്ങൾ എങ്ങനെ? കാണാതായ സിജോ എവിടെ? ഉത്തരം തേടി പൊലീസ്; കല്ലറ നാളെ തുറക്കും

കണ്ണൂർ ∙ ഒരു കുഴിയിൽ ഒരേ സമയം എങ്ങനെ രണ്ട് മൃതദേഹങ്ങൾ വന്നു? ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി വികാരിയും ഇടവകയിലെ ആളുകളും ഉന്നയിക്കുന്ന ചോദ്യം ഇതാണ്. പായയിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ വസ്തു കാഴ്ചയിൽ മൃതദേഹം പോലെ തോന്നിക്കുന്നുവെങ്കിലും മൃതദേഹമാണോ എന്നു പോലും ഉറപ്പിക്കാനായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ദുരൂഹത തോന്നാത്ത കാര്യത്തിൽ അന്വേഷണം വേണമെന്ന് പള്ളിക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. ഒരു കുഴിയിൽ ഒരേ സമയം രണ്ട് മൃതദേഹങ്ങൾ ഉണ്ടാകില്ല എന്നതാണ് പരിശോധന വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാൻ കാരണം. ഈ മാസം 13നാണ് കല്ലറ തുറന്നപ്പോൾ ശവപ്പെട്ടിയും അരികിലായി പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തുവും കണ്ടത്. ഉടൻ തന്നെ കല്ലറ അടച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ദുരൂഹതയില്ലെന്ന അനുമാനത്തിൽ പ്രശ്നം അവസാനിപ്പിക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനിടെ നാദാപുരം വിലങ്ങാട് സ്വദേശിയായ സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ടും സംശയം ഉയർന്നതോടെ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാകുകയായിരുന്നു.സ്വാഭാവികമായും ഒരു പെട്ടിയാണ് കുഴിയിൽ കാണേണ്ടത്. മുൻപ് അടക്കം ചെയ്ത കുഴി വീണ്ടും തുറക്കുമ്പോൾ അതിൽ പെട്ടിയുടേയും മൃതദേഹങ്ങളുടേയും അവശിഷ്ടം ഉണ്ടെങ്കിൽ അതെല്ലാം എടുത്തുമാറ്റി കുഴി വൃത്തിയാക്കും. അല്ലെങ്കിൽ മണലും അറക്കപ്പൊടിയും ഉപയോഗിച്ച് മൂടും. 2006ലും 2015ലുമാണ് 38–ാം നമ്പർ കുഴിയിൽ മൃതദേഹം സംസ്കരിച്ചത്. ഈ രണ്ട് മൃതദേഹങ്ങളും ആചാര പ്രകാരം പെട്ടികളിലാണ് അടക്കിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
Source link


