test del 5 copy of del 3
വിജയ്‌യുടെ ‘ദാരിദ്യ’ പ്രസ്താവന അസംബന്ധം, ഇദ്ദേഹം സ്കൂളിൽ എന്റെ സഹപാഠി: വെളിപ്പെടുത്തി തിരക്കഥാകൃത്ത്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടൻ വിജയ് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും വിജയ്‌യുടെ സഹപാഠിയുമായ മനു ജോസഫ്. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പിന്റെ വില അറിയാമെന്നുമുള്ള വിജയ്‌യുടെ അവകാശവാദം വെറും കള്ളമാണെന്ന് മനു ജോസഫ് തന്റെ എക്സ് ഹാൻഡിലിലൂടെ ആരോപിച്ചു. ചെന്നൈയിലെ ലയോള സ്കൂളിൽ മൂന്നാം ക്ലാസ്സിൽ താനും വിജയ്‌യും സഹപാഠികളായിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മനു ജോസഫ് ഈ ‘ദാരിദ്ര്യ വാദത്തെ’ പൊളിച്ചത്. ‘‘തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പ് എന്താണെന്ന് അറിയാമെന്നും വിജയ് പറഞ്ഞു. ഇത് തികഞ്ഞ അസംബന്ധമാണ്. കാരണം അദ്ദേഹം ലയോള സ്കൂളിൽ മൂന്നാം ക്ലാസ്സിൽ എന്റെ സഹപാഠിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു ചലച്ചിത്ര നിർമാതാവായിരുന്നു, തന്റെ മകന് സിനിമയിൽ ഒരു കരിയർ ഉണ്ടാക്കിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. മിക്ക സിനിമാ പ്രവർത്തകരെയും പോലെ അദ്ദേഹത്തിന്റെ പിതാവിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ അത് തമിഴ്നാട്ടിലെ യഥാർഥ ദാരിദ്ര്യത്തിന് തുല്യമല്ല. സമ്പന്നരായ പല ആൺകുട്ടികളും കയ്യിൽ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും രണ്ട് കാര്യങ്ങളാണ്. ‘ദാരിദ്ര്യത്തിൽ നിന്ന് സമ്പന്നതയിലേക്ക്’ എന്ന തരത്തിലുള്ള കഥകൾ ഈ കാലഘട്ടത്തിലെ വലിയ നുണകളാണ്.’’ –മനു ജോസഫ് കുറിച്ചത്.വിജയ്‌യെ വിമർശിച്ച മനു ജോസഫും ഒരു സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജോസഫ് മടപ്പള്ളി 1987-ൽ ‘തോരണം’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്തമായ ‘സീരിയസ് മെൻ’ എന്ന നോവലിന്റെ രചയിതാവായ മനു ജോസഫ്, നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘ഡീകപ്പിൾഡ്’ എന്ന ഷോയുടെ ക്രിയേറ്റർ കൂടിയാണ്. ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ വർഷം എഴുതിയ പുസ്തകവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Source link


