NATIIONAL

‘ഒന്നടങ്ങ്, അവന് വെറും 15 വയസ്സേയുള്ളൂ..’: വൈഭവിനെ പുറത്താക്കിയശേഷം 31കാരൻ ജാമിസന്റെ ‘ഓവർ’ ആഘോഷം; രൂക്ഷവിമർശനം


ജയ്പുർ ∙ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ വൈകാരിക യാത്രയയപ്പിനെ ശക്തമായി വിമര്‍ശിച്ച് സൈബർലോകം. പതിനഞ്ചു വയസ്സു മാത്രമുള്ള കുട്ടിയായ വൈഭവിനോട് ഇത്രയും വലിയ ഭാവപ്രകടനത്തിന്റെ ആവശ്യമെന്തെന്നാണ് പലരും ചോദിക്കുന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ജാമിസന്റെ ഇൻസ്വിങ് യോര്‍ക്കറില്‍ വൈഭവ് ക്ലീൻ ബൗൾഡാകുന്നത്. വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ പ്രകോപിതനായാണ് വൈഭവിനെ ജാമിസൻ യാത്രയാക്കുന്നത്. കയ്യടിച്ചുകൊണ്ട് വൈഭവിനെ രൂക്ഷമായി നോക്കുന്നുമുണ്ട്. ഈ സീസണില്‍ കളിച്ച പത്ത് മത്സരങ്ങളിലായി വൈഭവ് 404 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചറിയും രണ്ട് അര്‍ധസെഞ്ചറിയും ഈ നേട്ടത്തിലുള്‍പ്പെടുന്നു. 103 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ഇതുവരെ 34 ഫോറുകളും 37 സിക്‌സറുകളും നേടിയ താരം കൂടിയാണ് വൈഭവ്. രണ്ടു റെക്കോര്‍ഡുകള്‍ കൂടി ലക്ഷ്യമിട്ടായിരുന്നു വൈഭവ് ഡൽഹിക്കെതിരെ മത്സരത്തിനിറങ്ങിയത്. ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 100 സിക്‌സറുകൾ തികയ്ക്കുന്ന താരമാകാൻ വൈഭവിന് ഇനി ഒരൊറ്റ സിക്‌സർ കൂടി മതി. നിലവിൽ ഈ റെക്കോർഡ് കീറോൺ പൊള്ളാർഡിന്റെ പേരിലാണ്. 843 പന്തുകളിലാണ് പൊളളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ, 20 വയസ്സിന് താഴെയുള്ള പ്രായത്തിൽ ട്വന്റി20യിൽ 100 സിക്‌സറുകൾ പറത്തുന്ന ആദ്യ താരം എന്ന ബഹുമതിക്കും ഒരു സിക്സര്‍ മാത്രം അകലെയാണ് വൈഭവ്.


Source link

Back to top button