NEWS

ഫലം കണ്ടത് സിപിഎമ്മിന്റെ ‘സൈലന്റ് വർക്ക്’ തന്ത്രം ; നിശ്ശബ്ദ പോരാട്ടം മനസ്സിലാക്കാൻ കഴിയാതെ യുഡിഎഫ്, എൻഡിഎ


കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് തിരിച്ചടി. 2 സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടപ്പോഴും ഭരണമാറ്റമില്ലാത്തത് ആശ്വാസം. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, പാമ്പാടി പഞ്ചായത്ത് 10–ാം വാർഡ് എന്നീ സിറ്റിങ് സീറ്റുകളാണു യുഡിഎഫിന് നഷ്ടപ്പെട്ടത്. മീനടം വാർഡ് നിലനിർത്തിയത് ആശ്വാസമായി. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കനത്തതോൽവി നേരിട്ട എൽഡിഎഫിന് ഈ ഫലം പുതുജീവനായി.തൃക്കൊടിത്താനം ഡിവിഷനിലെ ഫലം ‍യുഡിഎഫിൽ തർക്കങ്ങൾക്ക് കൊടി ഉയർത്തിയേക്കും. സംഘടനാ, നേതൃതലങ്ങളിലുണ്ടായ വീഴ്ചയാണ് പരാജയകാരണമെന്ന ആക്ഷേപം ശക്തമാണ്. പ്രചാരണരംഗത്തെ ഏകോപനമില്ലായ്മയാണ് ഡിവിഷൻ കൈവിട്ടുപോകാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. പല വാർഡുകളിലും സ്ഥാനാർഥിയുടെ അഭ്യർഥനാ നോട്ടിസ് പോലും കൃത്യമായി വിതരണം ചെയ്തില്ല. കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പ്രചാരണരംഗത്ത് സജീവമായില്ലെന്നും ആക്ഷേപമുണ്ട്. പോളിങ്ങിലെ കനത്ത ഇടിവ് ബാധിച്ചത് യുഡിഎഫിനെയാണ്. 53.55 മാത്രമായിരുന്നു വോട്ടിങ് ശതമാനം. അതേസമയം എൽഡിഎഫ് അവരുടെ പരമ്പരാഗത വോട്ടുകൾ ഉറപ്പാക്കി. ആകെയുള്ള 77 ബൂത്തുകളിൽ 2 ഇടത്തു മാത്രമാണ് എൻഡിഎയ്ക്ക് മുന്നിലെത്താനായത്. 6 ബൂത്തുകളിൽ മാത്രമാണ് രണ്ടക്കം കടന്നത്. കനത്ത തിരിച്ചടിയാണ് എൻഡിഎക്കുണ്ടായത്.


Fashion ⏭️

Back to top button