test del 5 copy of del 3
ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയും ആശ്വാസമാകുന്നില്ല; ഇടമുറിഞ്ഞ പമ്പയിൽ തെളിനീരൊഴുകാൻ എത്ര കാലം കാത്തിരിക്കണം?

റാന്നി ∙ കടുത്ത ചൂടിൽ ഉരുകുകയാണു മലയോരങ്ങൾ. ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയും ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. ഇടമുറിഞ്ഞ പമ്പയിൽ ഇനി തെളിനീരൊഴുകാൻ എത്ര കാലം കാത്തിരിക്കണമെന്ന ചോദ്യം ബാക്കി. ദിവസമെന്നോണം അന്തരീക്ഷ താപനില ഉയരുകയാണ്. 37 ഡിഗ്രി വരെ ചൂടായിട്ടുണ്ട്. അന്തരീക്ഷത്തിൽ ചൂട് കൂടുന്നതിനനുസരിച്ച് കിണറുകളിലെ വെള്ളം വലിയുകയാണ്. തോടുകളും മറ്റു ജലസ്രോതസുകളും വറ്റിയിട്ടു മാസങ്ങളായി. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണു തോടുകളിൽ ശേഷിക്കുന്നത്. അതാകട്ടെ മാലിന്യം കലർന്നതും.13 പദ്ധതികൾ കുരുമ്പൻമൂഴി, കൊല്ലമുള, വെച്ചൂച്ചിറ, കുടമുരുട്ടി, പെരുനാട് അത്തിക്കയം, അടിച്ചിപ്പുഴ, വടശേരിക്കര, പേഴുംപാറ, റാന്നി, ഐത്തല, അങ്ങാടി, ചെറുകോൽ നാരങ്ങാനം, അയിരൂർ കാഞ്ഞീറ്റുകര എന്നീ ജല വിതരണ പദ്ധതികൾക്ക് ആശ്രയം പമ്പാനദിയാണ്. വെച്ചൂച്ചിറ പദ്ധതി പ്രദേശങ്ങളിൽ പമ്പിങ്ങിന് ആവശ്യത്തിനു വെള്ളമില്ലാതായിട്ടു മാസങ്ങളായി. പാറയിടുക്കിൽ കെട്ടിക്കിടക്കുന്ന വെള്ളമാണു പമ്പ് ചെയ്യുന്നത്. ചൂടു കൂടുമ്പോൾ വെള്ളം വലിയും. പിന്നീട് പമ്പിങ് മുടങ്ങും. ഉയർന്ന പ്രദേശങ്ങളിൽ ആവശ്യത്തിനു വെള്ളമെത്തിക്കാൻ കഴിയുന്നില്ല.
Source link

