NATIIONAL

പൊറുക്കും, പക്ഷേ മറക്കില്ല; പരസ്യമുണ്ടാക്കി നേടിയത് ഒരു കോടി രൂപ, ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു: ഹർഭജനെതിരെ തുറന്നടിച്ച് ശ്രീശാന്ത്


കൊച്ചി ∙ 2008 ഐപിഎലിനിടെയുണ്ടായ ‘സ്ലാപ്ഗേറ്റ്’ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെതിരെ തുറന്നടിച്ച് മലയാളി താരം എസ്.ശ്രീശാന്ത്. വിവാദമായ സംഭവം കച്ചവടമാക്കി ഹർഭജൻ വീണ്ടും ലാഭമുണ്ടാക്കിയതായി ശ്രീശാന്ത് ആരോപിച്ചു. വിവാദത്തെ തമാശയാക്കി ഹർഭജൻ അഭിനയിച്ച ഒരു ടെലിവിഷൻ പരസ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീശാന്ത് മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഹർഭജനോട് ക്ഷമിച്ചുകൊണ്ട് താൻ ധാർമികമായ ഔന്നത്യം പുലർത്താൻ ശ്രമിച്ചെങ്കിലും ആ സംഭവത്തെ വാണിജ്യവൽക്കരിച്ചത് തങ്ങൾ തമ്മിലുള്ള ബന്ധത്തെ എന്നന്നേക്കുമായി തകർത്തെന്ന് ശ്രീശാന്ത് പറഞ്ഞു. ഹർഭജൻ പരസ്യത്തിലൂടെ ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചെന്ന് മാത്രമല്ല, ആ വിഡിയോ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവയ്ക്കാൻ പോലും ആവശ്യപ്പെട്ടെന്ന് ശ്രീശാന്ത് ആരോപിച്ചു.‘‘ഞാനും പുള്ളിയുമായിട്ട് ഒരു ബന്ധവും ഇല്ല. ഞാൻ എപ്പോഴും ഒരു ബ്രദർ ആണ് എന്നൊക്കെ പറയുമായിരുന്നു. ആയിരുന്നു. ഞാൻ ഇപ്പോൾ എന്റെ ഇൻസ്റ്റയിൽ വരെ പുള്ളിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചത് പൊറുക്കാനാണ്. അദ്ദേഹത്തിനെതിരെ എനിക്ക് ഒരു പരാതിയും ഇല്ല. എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല.’’– ശ്രീശാന്ത് കൂട്ടിച്ചേർത്തു.എന്താണ് സ്ലാപ്‌ഗേറ്റ് വിവാദം? 2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിങ്സ്) തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ മർദിച്ചതിനെത്തുടർന്ന് ശ്രീശാന്ത് കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഹർഭജനെ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിലക്കുകയും താരത്തിന്റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം, മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഈ സംഭവത്തിന്റെ എച്ച്ഡി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇതു വീണ്ടും ചർച്ചയായിരുന്നു.


Source link

Back to top button