LATEST NEWS

12 മണിക്കൂർ ജോലി; ഭക്ഷണം കഴിക്കാൻ 15 മിനിറ്റ് ഇടവേള, ശുദ്ധജലത്തിന് ‘റേഷൻ’, ശുചിമുറിക്ക് നിയന്ത്രണം…


നോയിഡ ∙ രാവിലെ 8 മുതൽ രാത്രി 8 വരെയാണി ഫാക്ടറിയിലെ ജോലിസമയം. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ 15 മിനിറ്റ് ഇടവേള. മാസം 30 ദിവസവും ജോലി ചെയ്യണം. ആഴ്ചയിൽ അവധിയില്ല. ശമ്പളം അല്ലാതെ മറ്റ് ആനുകൂല്യങ്ങളില്ല. അസുഖം ബാധിച്ച് അവധിയെടുത്താൽ പോലും ശമ്പളം കുറയ്ക്കും. ദിവസം 2 പ്രാവശ്യത്തിലധികം ശുചിമുറിയിൽ പോകാൻ അനുവാദമില്ല. അടിക്കടി ശുചിമുറിയിൽ പോകുന്നതു തടയാൻ ശുദ്ധജലത്തിനു വരെ റേഷൻ! ഈ പെടാപാടുകൾക്കെല്ലാം കൂടി ഒരു തൊഴിലാളിക്കു മാസം നൽകുന്ന ശമ്പളം 8,000 രൂപ. അതും 10നു ശേഷം പ്രതീക്ഷിച്ചാൽ മതി. ‘ഈ ജോലികൊണ്ട് മാത്രമാണു കുടുംബം കഴിഞ്ഞുപോകുന്നത്. വീട്ടുവാടക നൽകണം. 3 കുട്ടികളെ പഠിപ്പിക്കണം. അവർക്കു ഭക്ഷണവും വസ്ത്രവും നൽകണം. 8,000 രൂപ കൊണ്ട് എന്തൊക്കെ ചെയ്യാനാകും?’–ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ പൊലീസിന്റെ ക്രൂര മർദനമേറ്റ് റോഡരികിലിരുന്ന് വിലപിക്കുകയാണു യശോദ ഠാക്കൂർ. പൊലീസിന്റെ ലാത്തിച്ചാർജിൽ യശോദയുടെ കാലിന്റെ എല്ല് പൊട്ടി. ഇടയ്ക്കിടെ വെള്ളം കുടിച്ചാൽ തൊഴിലാളികളുടെ ശുചിമുറി ഉപയോഗം കൂടുമെന്ന കണ്ടെത്തലിൽ ശുദ്ധജലം പോലും ഫാക്ടറികൾ നിഷേധിക്കുകയാണെന്നും തൊഴിലാളിയായ നിധീഷ് തിവാരി പറഞ്ഞു. അതു പലരെയും വൃക്ക രോഗികകളാക്കുന്നു. ബാക്കി കിട്ടുന്ന തുച്ഛമായ തുകയ്ക്കു ഫാക്ടറിക്ക് സമീപം താമസത്തിനും ഭക്ഷണത്തിനും വക കണ്ടെത്തണം. വീട്ടിലേക്കു ചെറിയൊരു തുക അയയ്ക്കണം. 8,000 രൂപയിൽ താഴെയുള്ള ശമ്പളം വച്ച് എന്തൊക്കെ ചെയ്യുമെന്ന നിസ്സഹായതയാണ് ഇന്നലെ നോയിഡയിലെ തെരുവുകളിൽ പ്രതിഷേധമായി കത്തിയത്. തൊഴിൽ വകുപ്പ് കൃത്യമായി ഫാക്ടറികളിൽ അന്വേഷണം നടത്തുന്നുണ്ടെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് മുന്നിൽ പരാതികൾ ഉന്നയിക്കാൻ അനുവദിക്കാറില്ലെന്നു ജീവനക്കാർ പറഞ്ഞു.


Source link

Back to top button