NATIIONAL

സഞ്ജുവെത്തി, ഇന്ത്യന്‍ യുവതാരം മൂന്നാമനാകും; ചെന്നൈയുടെ ഓപ്പണിങ് കോംബിനേഷൻ വെളിപ്പെടുത്തി ഋതുരാജ് ഗെയ്ക്‌വാദ്


ചെന്നൈ∙ ഇന്ത്യൻ‍ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് കോംബിനേഷനിൽ മാറ്റങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ്. പുതുതായി ടീമിലെത്തിയ സഞ്ജു സാംസണും താനുമായിരിക്കും ടീമിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന് ഗെയ്‍ക്‌വാദ് പറഞ്ഞു. ഐപിഎൽ ക്യാപ്റ്റൻമാരുടെ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ സീസണിൽ യുവതാരം ആയുഷ് മാത്രെ ചെന്നൈയ്ക്കായി ഓപ്പണറുടെ റോളിൽ തിളങ്ങിയിരുന്നു. സഞ്ജുവും ഋതുരാജും എത്തുമ്പോഴും ആയുഷിന് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും. ആയുഷ് മൂന്നാം നമ്പരിൽ കളിക്കാനിറങ്ങുമെന്നാണു കരുതുന്നത്. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് നാലാമനാകും.മികച്ച ഫോമിലുള്ള സഞ്ജുവും ഋതുരാജും ചേരുമ്പോൾ പവർപ്ലേ ഓവറുകളിൽ വമ്പൻ സ്കോറാണ് ചെന്നൈ സൂപ്പർ കിങ്സ് പ്രതീക്ഷിക്കുന്നത്. സഞ്ജുവും ഋതുരാജും ചെന്നൈയുടെ ഓപ്പണർമാരാകണമെന്ന് മുൻ ഇന്ത്യൻ താരം ആര്‍. അശ്വിൻ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ സൂപ്പർ കിങ്സിലെ ആദ്യ സീസണിൽ സഞ്ജുവിന് ‘പാർട് ടൈം’ വിക്കറ്റ് കീപ്പറുടെ ചുമതല കൂടി ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി സീസണിലെ എല്ലാ മത്സരങ്ങളും കളിക്കില്ലെന്ന് റിപ്പോർ‍ട്ടുകളുണ്ട്. ധോണി ഇംപാക്ട് പ്ലേയറായി ഇറങ്ങാൻ തീരുമാനിച്ചാൽ, സഞ്ജുവിനായിരിക്കും വിക്കറ്റ് കീപ്പറുടെ ചുമതല.


Source link

Related Articles

Back to top button