NEWS

ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയിപ്പിക്കാൻ ബിജെപി; ഹെെക്കോടതിയെ  സമീപിച്ചേക്കും

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനാൻ ബിജെപി. ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരുദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും.

ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ ഹെെക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ദൈവനാമത്തിലാണ് 19 കൗൺസിലർമാരും മേയർ വിവി രാജേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തത്.

20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതിവിധിയുടെ പകർപ്പ് ലഭിച്ചതിനു പിന്നാലെ മേയർ നിയമോപദേശം തേടിയിരുന്നു. കോർപ്പറേഷൻ സെക്രട്ടറിയുമായും ചർച്ച നടത്തി. പുതുക്കി സത്യപ്രതിജ്ഞ ചെയ്യാൻ മറ്റ് തടസങ്ങളില്ലെന്ന് കണ്ടതോടെ തിടുക്കപ്പെട്ട് കൗൺസിലർമാരെ വാട്സ്ആപ്പ് വഴിയും അല്ലാതെയും ഉച്ചയോടെ വിവരം അറിയിച്ചു. നാലുമണിയോടെ 19 കൗൺസിലർമാരും മേയറുടെ ഓഫീസിലെത്തി. 4.30ഓടെ സതപ്രതിജ്ഞാ ചടങ്ങ് തുടങ്ങി. അഞ്ച് മണിക്ക് ചടങ്ങ് അവസാനിച്ചു. 26ന് ചേരുന്ന കൗൺസിൽ യോഗത്തിൽ സിപിഎമ്മും കോൺഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മേയറുടെ അതിവേഗ നീക്കങ്ങൾ.

പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.


Source link
NEWS

Back to top button