NEWS

പാന്റ്സിന്റെ പോക്കറ്റിലും തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല; ഒടുവിൽ പൊലീസിന്റെ അറ്റകൈ പ്രയോഗം: തുടകളിൽ ഒട്ടിച്ചുവച്ച നിലയിൽ കഞ്ചാവ്!


കൊല്ലം ∙ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തി പ്രാപിക്കുമ്പോൾ ലഹരി കടത്തിനു പുതിയ തന്ത്രങ്ങൾ ഒരുക്കി ലഹരി മാഫിയ. തന്ത്രങ്ങൾ മുൻകൂട്ടിയറിഞ്ഞ് പൊലീസിന്റെ ഡാൻസാഫ് ടീം പിടിമുറുക്കിയതോടെ പതിവുകാർ ‘സാധനം’ ഇല്ലാതെ വലയുന്ന സ്ഥിതിയുമായി. പൊലീസ് പിടിമുറുക്കിയപ്പോൾ ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് ചാറ്റും പൊലീസിനു ചോർന്നു കിട്ടി. ‘ഡേയ്, സാധനം ഒട്ടുമില്ല. ഇത്തിരിയെങ്കിലും കിട്ടാൻ വഴിയുണ്ടോ’ എന്നു ചോദിക്കുന്ന വാട്സാപ് സന്ദേശം ഇതിലൊന്ന്. എങ്ങനെയെങ്കിലും സാധനം പതിവുകാർക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണു ലഹരികടത്തുകാർ. കൊല്ലം നഗരത്തിൽ കഴിഞ്ഞ ദിവസം 2 പേർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത് ഈ ഓട്ടത്തിനിടയിലാണ്.തേവള്ളി പാലത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പള്ളിത്തോട്ടം കോളനിയിലെ താമസക്കാരനായ യുവാവിനെ ഡാൻസാഫ് ടീം സമീപിച്ചതോടെ ഇയാൾ ഓടി. പിന്നാലെ ഡാൻസാഫ് സംഘവും. തേവള്ളി മിൽമയ്ക്കു സമീപം വച്ച് ആളെ പിടികൂടി. പാന്റ്സിന്റെ പോക്കറ്റിലും മറ്റുമൊക്കെ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. പക്ഷേ, ‘സാധനം’ കയ്യിലുണ്ടെന്നു പൊലീസിനു സംശയവും ഉറച്ചു. ഒടുവിൽ അറ്റകൈ പ്രയോഗം നടത്തി. പാന്റ്സ് താഴ്ത്തി നോക്കിയപ്പോൾ തുടകളിൽ ടേപ്പ് കൊണ്ടു ഒട്ടിച്ചുവച്ച നിലയിൽ കഞ്ചാവ് ! കയ്യോടെ പൊക്കി വെസ്റ്റ് പൊലീസിനു കൈമാറി. മൊത്തമായി ശേഖരിച്ചു വച്ച ശേഷം ചില്ലറയായി കൊണ്ടു നടക്കുകയായിരുന്നു പതിവ്.കുറിയറിൽ അയയ്ക്കുന്ന പതിവാണ് മറ്റൊന്ന്. പാവകൾ, മറ്റു കളിപ്പാട്ടങ്ങൾ എന്നിവയ്ക്കൊപ്പം പൊതിഞ്ഞ് അയയ്ക്കും. ബുക്ക് ചെയ്യുന്നയാളുടെ മേൽവിലാസമാകില്ല ചിലപ്പോൾ കൊടുക്കുക. പോസ്റ്റ്മാൻ ബന്ധപ്പെടുമ്പോൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെന്നും മറ്റൊരാൾ പോസ്റ്റ് ഓഫിസിൽ എത്തി കുറിയർ കൈപ്പറ്റും എന്നുമായിരിക്കും മറുപടി. അടുത്തിടെ കാന‍ഡയിൽ നിന്ന് ഇൻഡോർ വഴി കൊല്ലത്തെത്തിയ രാസലഹരിയുടെ പായ്ക്കറ്റിൽ എഴുതിയ പേരും വിലാസവും 2 പേരുടേതായിരുന്നു. പൊലീസും ഡാൻസാഫ് സംഘവും പിടിമുറുക്കിയതോടെ ലഹരി കച്ചവടക്കാരിൽ ചിലർ ഇപ്പോൾ ഉപജീവനാർഥം ‘ജോലി’ക്കു പോയിത്തുടങ്ങിയിട്ടുണ്ട്. തൂഫാൻ അയയുമ്പോൾ തിരിച്ചുവരാം എന്ന പ്രതീക്ഷയിൽ.


Source link

Back to top button