NEWS
അയോധ്യ, കുംഭമേള; തുടരെ അഴിമതി ആരോപണങ്ങൾ; ബിജെപിയും ആർഎസ്എസും പ്രതിരോധത്തിൽ

ന്യൂഡൽഹി ∙ ഒന്നൊന്നായി വരുന്ന അഴിമതി ആരോപണങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും പ്രതിരോധത്തിലാക്കുന്നു. അയോധ്യ ക്ഷേത്രത്തിലെ കാണിക്ക അപഹരിക്കപ്പെട്ടെന്ന ആരോപണം സജീവമായിരിക്കെയാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ 2028ൽ നടത്തുന്ന കുംഭമേളയുടെ പശ്ചാത്തലത്തിലുള്ള വികസനപദ്ധതികളുടെ പേരിൽ മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ ആരോപണമുയരുന്നത്. സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക പങ്കാളികളായ സ്ഥാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ ആരോപണങ്ങളുയർന്നിരുന്നു. 1270 കോടി രൂപയുടെ സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരെ സുപ്രീം കോടതി നിർദേശിച്ചപ്രകാരം സിബിഐ പ്രാഥമിക അന്വേഷണം നടത്തുകയാണ്. എന്നാൽ, ആരോപണങ്ങളുടെ പേരിൽ ആർക്കെതിരെയും ഉടനെ നടപടിയെടുക്കുന്നത് കൂടുതൽ മാനനഷ്ടമുണ്ടാക്കുമെന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്. അയോധ്യയിലെ കാണിക്ക സംബന്ധിച്ച ആരോപണങ്ങൾ അപമാനകരവും വിശ്വാസികൾക്കു വേദനയുണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലാണ് ആർഎസ്എസ് വൃത്തങ്ങൾക്ക്.പ്രധാനമന്ത്രിക്കുൾപ്പെടെ പരാതികൾ ലഭിച്ചതിനു പിന്നാലെ, ട്രസ്റ്റ്തന്നെ അന്വേഷണം ആവശ്യപ്പെട്ടത് മുഖം രക്ഷിക്കാനാണെന്നു വിമർശനമുണ്ട്. കുറ്റമറ്റ അന്വേഷണം വേണമെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. അടുത്ത ഫെബ്രുവരിയിൽ യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സമാജ്‌വാദി പാർട്ടിയുൾപ്പെടെ ഇപ്പോൾതന്നെ അയോധ്യയിലെ തട്ടിപ്പ് പ്രചാരണവിഷയമാക്കിക്കഴിഞ്ഞു.
Source link


