ജീവന് ഭീഷണിയുണ്ടെന്ന് ഹർജി; കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശം

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകി കേരള ഹൈക്കോടതി. ജീവന് ഭീഷണിയുണ്ടെന്നുകാട്ടി പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മദ്ധ്യപ്രദേശിൽ പോയാൽ ദുരഭിമാനകൊല ചെയ്യപ്പെടുമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒക്കാണ് നിർദേശം. സംസ്ഥാന സർക്കാരിനും എസ്എച്ച്ഒയ്ക്കും കോടതി നോട്ടീസ് അയയ്ക്കുകയും കേസ് ജൂലായ് 10ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു.
പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഈ സമയത്തിനുള്ളിൽ മുൻകൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നതാണ് മുഹമ്മദ് ഫർമാന് എതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് നടക്കുന്നത് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലായതിനാൽ ട്രാൻസിറ്റ് ജാമ്യഹർജിയായി മാത്രമേ ഫർമാന്റെ ഹർജി പരിഗണിക്കാൻ സാധിക്കുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യഹർജിയെ മദ്ധ്യപ്രദേശ് പൊലീസ് ശക്തമായി എതിർത്തിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നാണ് മദ്ധ്യപ്രദേശ് പൊലീസിന്റെ വാദം. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയാണ് വിവാഹം കഴിച്ചതെന്നും പൊലീസ് പറയുന്നു.
തട്ടിക്കൊണ്ടുപോകൽ, പോക്‌സോ, പട്ടികജാതി-പട്ടികവർഗ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മുഹമ്മദ് ഫർമാനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ തനിക്ക് 18 വയസ് തികഞ്ഞെന്നും മദ്ധ്യപ്രദേശ് പൊലീസ് ഹാജരാക്കിയിരിക്കുന്ന രേഖകൾ വ്യാജമാണെന്നുമാണ് പെൺകുട്ടി പറയുന്നത്. കഴിഞ്ഞ മാർച്ച് 11നാണ് പെൺകുട്ടി വിവാഹിതയായത്. അന്ന് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നു പ്രായമെന്നാണ് ദേശീയ പട്ടിക വർഗ കമ്മിഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി സമർപ്പിച്ച ജനനസർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് കമ്മിഷൻ പറയുന്നത്.
Source link
NEWS


