NEWS

തണലൊരുക്കാം ‘വിത്ത്’ പദ്ധതിയിലൂടെ, പരിശീലനത്തിന് 3 ഘട്ടങ്ങൾ

പത്തനംതിട്ട: ആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ജുവനൈൽ ജസ്റ്റീസ് ബോർഡ് നടപ്പാക്കുന്ന ‘വിത്ത്’ പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കം. ‘കൂടെ’ യെന്നാണ് ‘വിത്ത്’ എന്ന ഇംഗ്ലീഷ് പദം കൊണ്ട് അർത്ഥമാക്കുന്നത്. ഒരുമിച്ച് പഠിക്കൂ, ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാകൂ എന്നതാണ് പദ്ധതിയുടെ സന്ദേശം. പത്തനംതിട്ടയിലെ പദ്ധതി കേരള ലീഗൽ സർവീസ് അതോറിട്ടിക്ക് സമർപ്പിച്ചു. പരിശോധനകൾക്കു ശേഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചേക്കും. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളർച്ചയുടെ ഘട്ടങ്ങളിൽ രക്ഷിതാക്കളും അദ്ധ്യാപകരും വഴികാട്ടികളാകും. 2010ന് ശേഷം ജനിച്ച കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നട‌പ്പാക്കുക. ആരോഗ്യ വകുപ്പ്, പൊലീസ്, എക്സൈസ്, പട്ടികജാതി/ വർഗ വകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ എൻ.ജി.ഒകൾ എന്നിവ പദ്ധതിയിൽ പങ്കാളികളാകും. കോന്നി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പരിശീലനത്തിൽ ആറ് ബാച്ചുകളിലായി 600 രക്ഷിതാക്കൾ പങ്കെടുക്കും. സൈക്കോളജിസ്റ്റുകൾ, ചൈൽഡ് പ്രേൊട്ടക്ഷൻ ഓഫീസർമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ ക്ളാസുകൾ നയിക്കും.

# പരിശീലനത്തിന് 3 ഘട്ടങ്ങൾ

1 ചൈൽഡ് ടീച്ചിംഗ്- കുട്ടികളുടെ മാസികാവസ്ഥയും സ്വാഭാവ വൈകല്യങ്ങളും തിരിച്ചറിയുന്നതിന് അദ്ധ്യാപകർക്ക്.

2 ആർട്ട് ഒഫ് പേരന്റിംഗ് – കുട്ടികളിലെ മൊബൈൽ, ടിവി ഉപയോഗം നിയന്ത്രിക്കുന്നതിനും കൂടെ നിറുത്തുന്നതിനും രക്ഷിതാക്കൾക്ക്.

3 പെൻസിൽ പ്രോഗ്രാം- അഭിരുചി വളർത്താനും കഴിവുകൾ വികസിപ്പിക്കാനും കുട്ടികൾക്ക്.

മൊബൈൽ ഉപയോഗം നിയന്ത്രിക്കാനും ലഹരി മാഫിയകളിൽ നിന്ന് അകറ്റിനിറുത്താനും കുട്ടികളെ പ്രാപ്തരാക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും തുടർച്ചയായി പരിശീലനം നൽകുന്നതാണ് വിത്ത് പദ്ധതി.

ഷാൻ രമേശ് ഗോപൻ, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗം


Source link
NEWS

Back to top button