AUTO

ഇ20 പെട്രോള്‍ അടിച്ചാൽ ഫ്യുവല്‍ ഫില്ലര്‍ കാപ്പിനു ചുറ്റും ഉറുമ്പുകള്‍ നിറയുമോ? ആ വൈറല്‍ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്


ആശങ്കപ്പെടുത്തുന്ന ഏതുവിവരവും മേലും കീഴും നോക്കാതെ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. കാറിന്റെ ഫ്യുവല്‍ ഫില്ലര്‍ കാപ്പിനു ചുറ്റും ഉറുമ്പുകള്‍ നിറയുകയെന്നത് ഏതൊരു വാഹനപ്രേമിയുടേയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ഇന്ധനത്തിലെ എഥനോളിന്റെ സാന്നിധ്യമാണ് ഉറുമ്പുകളെ ആകര്‍ഷിച്ചതെന്നായിരുന്നു വിഡിയോയിലെ അവകാശവാദം. എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്ന വിശദീകരണവുമായി ഭാരത് പെട്രോളിയം(ബിപിസിഎല്‍) തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രചാരണം ശക്തമായതോടെയാണ് വസ്തുത വിശദീകരിച്ച് ഭാരത് പെട്രോളിയം അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ രംഗത്തെത്തിയത്. ‘ ഇ20 പെട്രോളും കാറിന്റെ ഫ്യുവല്‍ ക്യാപ്പിന് ചുറ്റും ഉറുമ്പുകള്‍ കൂടുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ബിപിസിഎല്‍ പരിശോധിച്ചു. പെട്രോളില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ഫ്യുവല്‍-ഗ്രേഡ് എഥനോള്‍, പുളിപ്പിക്കല്‍, ഡിസ്റ്റിലേഷന്‍ പ്രക്രിയകളിലൂടെയാണ് നിര്‍മ്മിക്കുന്നത്. ഈ പ്രക്രിയയിലൂടെ ഇതിലുള്ള പഞ്ചസാരയുടെ അംശം പൂര്‍ണമായും ഇല്ലാതാവുന്നുണ്ട്. പ്രാണികളെയെല്ലാം അകറ്റി നിര്‍ത്തുന്ന ഡീനേച്ചറന്റുകളും ഈ എഥനോളില്‍ ചേര്‍ത്തിട്ടുണ്ട്. പെട്രോളില്‍ എഥനോള്‍ ചേര്‍ത്താലും ഇന്ധനത്തിന്റെ സ്വാഭാവികമായ ഹൈഡ്രോകാര്‍ബണ്‍ ഗന്ധം തന്നെയാണ് മുന്നിട്ടു നില്‍ക്കുക. എഥനോളിന്റെ മണം മുന്നിട്ടു നില്‍ക്കില്ല. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോള്‍ ചേര്‍ത്ത പെട്രോളില്‍ ബാഷ്പീകരണം കുറവാണ്. അതുകൊണ്ടുതന്നെ ഉറുമ്പുകളേയോ മറ്റു പ്രാണികളേയോ ആകര്‍ഷിക്കുന്ന യാതൊന്നും ഇ20 ഇന്ധനത്തിലില്ല. സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം വിവരങ്ങള്‍ അടിസ്ഥാനരഹിതമാണ്’ എന്നതാണ് ബിപിസിഎല്‍ നല്‍കുന്ന വിശദീകരണം. എഥനോള്‍ കലര്‍ന്ന ഇന്ധനം ഉറുമ്പിനെ ആകര്‍ഷിക്കില്ലെങ്കിലും എഥനോള്‍ ഇന്ധനമാക്കുമ്പോഴുള്ള ആശങ്കകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. നിലവില്‍ രാജ്യത്തുടനീളമുള്ള ഇന്ധന പമ്പുകള്‍ വഴി വിതരണം ചെയ്യുന്ന പെട്രോളില്‍ നിശ്ചിത അളവില്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവ് എഥനോളിനുണ്ട്. ഇങ്ങനെ വലിച്ചെടുക്കുന്ന ഈര്‍പ്പം പെട്രോളില്‍ നിന്നും വേര്‍പെട്ട് ഇന്ധന ടാങ്കിന്റെ അടിയിലേക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത തള്ളാനാവില്ല. ഇത് ടാങ്കിന്റെ ലോഹഭാഗങ്ങള്‍ തുരുമ്പെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒപ്പം എന്‍ജിന്റെ പ്രവര്‍ത്തനത്തേയും ബാധിക്കും. പഴയ വാഹനങ്ങളിലാണ് ഇത്തരം മെക്കാനിക്കല്‍ തകരാറുകള്‍ക്ക് കൂടുതല്‍ സാധ്യത. ‘


Source link

Back to top button