NEWS

വിവാദ കരാർ: പിടിച്ചുവച്ച ബിൽ തുക ഹാർബർ വകുപ്പ് തിരിച്ചടച്ചില്ല; സൂക്ഷിക്കുന്നത് എക്സി. എൻജിനീയറുടെ ഡിപ്പോസിറ്റ് അക്കൗണ്ടിൽ


പൊന്നാനി ∙ റോഡ് നിർമാണത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് കരാറുകാരനു നൽകാതെ പിടിച്ചുവച്ച ബിൽ തുക ഹാർബർ വകുപ്പ് ഇതുവരെയും ധനവകുപ്പിലേക്ക് തിരിച്ചടച്ചില്ല. മാസങ്ങളായി സൂക്ഷിക്കുന്നത് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഡിപ്പോസിറ്റ് അക്കൗണ്ടിൽ. ധനവകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർ (സിടിഇ) ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടും ഒരു വർഷത്തോളമായി കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരാറുകാരനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ട് 2025 മേയ് 2ന് ആണ് സിടിഇയുടെ ഉത്തരവ് ഹാർബർ വകുപ്പിനു നൽകുന്നത്. ഇതിനു ശേഷമാണ് പുറത്തൂർ ബസ് സ്റ്റാൻഡ് കലൂർ–പുതുപ്പള്ളി റോഡിന്റെ നിർമാണ കരാറുമായി ബന്ധപ്പെട്ട് ഇതേ കരാറുകാരനുമായി വകുപ്പ് കരാർ ഒപ്പിടുന്നത്.സിടിഇയുടെ കർശന നിർദേശം വന്ന് ഒരു മാസം കഴിഞ്ഞാണ് 2.5 കോടി രൂപയുടെ നിർമാണ ടെൻഡറിൽ കരാറുകാരനുമായി ഒപ്പുവയ്ക്കുന്നത്. 2025 ജൂൺ 6ന് ആയിരുന്നു ഇൗ വിവാദ നീക്കം. പാലക്കാട് ജില്ലയിലെ പാലത്തറ–കൊടുമുണ്ട റോഡിന് കരാറിൽ നിർദേശിച്ചതിൽനിന്ന് 46.78% കനം കുറവാണെന്നാണ് സിടിഇ കണ്ടെത്തിയിരുന്നത്. 2025 ഏപ്രിൽ മാസത്തിലാണ് സിടിഇയുടെ പരിശോധനകൾ നടക്കുന്നത്. പൊന്നാനി ഹാർബർ എൻജിനീയറിങ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റോഡ് മുറിച്ച് കനം പരിശോധിച്ചിരുന്നത്. അന്നുതന്നെ റോഡിൽ നടന്ന വൻ അഴിമതി വ്യക്തമായിരുന്നതാണ്. തുടർന്ന് സിടിഇയുടെ ഉത്തരവിൽ കരാറുകാരനെതിരെയും റോഡ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും 20 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് അറിയിച്ചിരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിനു മുൻപു തന്നെ റോഡിൽ അപകടകരമായ വിള്ളലും രൂപപ്പെട്ടിരുന്നു. ഇൗ വിള്ളൽ ഇതുവരെയും പരിഹരിച്ചിട്ടില്ല. കരാറുകാരന്റെ ബിൽ തുക എക്സിക്യൂട്ടീവ് എൻജിനീയറുടെ ഡിപ്പോസിറ്റ് അക്കൗണ്ടിലേക്കു മാറ്റിയെന്നല്ലാതെ സിടിഇയുടെ മറ്റു നിർദേശങ്ങളൊന്നും ഇതുവരെയും നടപ്പാക്കിയിട്ടില്ല.


Source link

Back to top button