NEWS
ഗൂഗിളിന് വൻ തിരിച്ചടി! പടിയിറങ്ങിയത് 25,500 കോടിക്ക് കൊണ്ടുവന്ന എഐ ഇതിഹാസം; ആരാണ് നോം ഷാസീർ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് സാങ്കേതിക ലോകം. ഗൂഗിളിന്റെ വൈസ് പ്രസിഡന്റും കമ്പനിയുടെ മുൻനിര എഐ മോഡലായ ‘ജെമിനി’യുടെ സഹ മേധാവിയുമായ ഇതിഹാസ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ നോം ഷാസീർ കമ്പനി വിട്ട് എതിരാളികളുടെ ഓപ്പൺഎഐയിൽ ചേരുന്നു. കേവലം രണ്ട് വർഷം മുൻപ്, 270 കോടി ഡോളർ (ഏകദേശം 25,500 കോടിയിലധികം രൂപ) മുടക്കി ഗൂഗിൾ സ്വന്തമാക്കിയ പ്രതിഭയാണ് ഇപ്പോൾ തങ്ങളുടെ ഏറ്റവും വലിയ എതിരാളികളുടെ ചേരിയിലേക്ക് മാറുന്നത് എന്നത് ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ബുധനാഴ്ച തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ നോം ഷാസീർ തന്നെയാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. എഐ വിപ്ലവത്തിന്റെ മുൻനിരയിലുള്ള ഓപ്പൺഎഐയിൽ ചേരുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അവിടുത്തെ അസാധാരണ പ്രതിഭകളുള്ള ടീമിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.48 കാരനായ നോം ഷാസീർ വെറുമൊരു എഐ ഗവേഷകൻ മാത്രമല്ല, ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ തന്നെ അടിത്തറ പാകിയ വ്യക്തികളിൽ ഒരാളാണ്. ഗൂഗിളിന്റെ പ്രാരംഭ കാലഘട്ടത്തിലെ ജീവനക്കാരിൽ ഒരാളായ ഷാസീർ, 2017ൽ ലോകത്തെ മാറ്റിമറിച്ച ‘Attention Is All You Need’ എന്ന വിപ്ലവാത്മക ഗവേഷണ പ്രബന്ധത്തിന്റെ സഹ-രചയിതാവാണ്. ഇന്ന് നമ്മൾ കാണുന്ന ചാറ്റ്ജിപിടി, ജെമിനി തുടങ്ങി എല്ലാ പ്രമുഖ എഐ സംവിധാനങ്ങൾക്കും പിന്നിലുള്ള ‘ട്രാൻസ്ഫോർമർ ആർക്കിടെക്ചർ’ വികസിപ്പിച്ചത് ഈ പ്രബന്ധത്തിലൂടെയായിരുന്നു.
Source link


