NEWS
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ, അഴിമതിക്കേസിൽ വിചാരണ; സമാധാനക്കരാർ നെതന്യാഹുവിന് ഇരട്ട വെല്ലുവിളി

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കനത്ത പ്രതിസന്ധിയിലാക്കി ഇറാൻ – യുഎസ് സമാധാന കരാർ. ഇറാനെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് നെതന്യാഹു. മേഖലയിൽ സംഘർഷം ലഘൂകരിക്കാനും ഒത്തുതീർപ്പിലെത്താനും അമേരിക്ക ശ്രമിച്ചപ്പോൾ, ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം വർധിപ്പിച്ചിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിൽ, സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളോട് നിയന്ത്രണം പാലിക്കാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രയേൽ സൈന്യം ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്. അമേരിക്കയിൽ നിന്നുള്ള രാജ്യാന്തര സമ്മർദ്ദവും, ഇറാന്റെ സഖ്യശക്തികൾക്കെതിരെ സൈനിക നടപടി തുടരണമെന്ന സ്വന്തം സർക്കാരിലെ ആവശ്യവും ഒരേസമയം കൈകാര്യം ചെയ്യേണ്ട ഇരട്ട വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്.ചൊവ്വാഴ്ച ജറുസലമിൽ മാധ്യമപ്രവർത്തകരെ കണ്ട നെതന്യാഹു ഇസ്രയേലിന്റെ സൈനിക നടപടികളെ ശക്തമായി ന്യായീകരിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിജയങ്ങളിലൊന്നായാണ് ഇറാനെതിരെയുള്ള യുദ്ധത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘‘നമ്മൾ അവരുടെ ആണവ ശാസ്ത്രജ്ഞരെ ഇല്ലാതാക്കി. ഭീകര ഭരണകൂടത്തിന്റെ തലവന്മാരെ വധിച്ചു. ആണവനിലയങ്ങളും മിസൈലുകളും തകർത്തു. ഭൂരിഭാഗം മിസൈൽ നിർമാണ ഫാക്ടറികളും നമ്മൾ നശിപ്പിച്ചു. ഇസ്രയേൽ എന്ന രാജ്യത്തെ നാശത്തിൽ നിന്നാണ് നമ്മൾ രക്ഷിച്ചത്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്ര വലതുപക്ഷ മന്ത്രിമാരും സമാധാന കരാറിനെതിരെ രംഗത്തുണ്ട്. ‘‘ട്രംപിന്റെ കരാർ ഞങ്ങളെ ബാധിക്കുന്നതല്ല. ഞങ്ങൾ ഈ കരാറിൽ കക്ഷികളുമല്ല. ഇത് ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നില്ല’’ – ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ സമൂഹമാധ്യമത്തിൽ കുറിച്ചു. ട്രംപ് നയതന്ത്ര പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ, സ്വന്തം നാട്ടിലെ പ്രതിപക്ഷത്തിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും ഒരേസമയം സമ്മർദ്ദം നേരിടുന്ന നെതന്യാഹുവിന്, തന്റെ രാഷ്ട്രീയ പദവി നിലനിർത്തുന്നതിനൊപ്പം സൈനിക നീക്കങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് വലിയൊരു പരീക്ഷണമായി മാറിയിരിക്കുകയാണ്.
Source link


