LIFESTYLE

പഞ്ചസാരയ്ക്ക് പകരക്കാരൻ! ഗുണങ്ങൾ പലത്, കൃഷി ചെയ്യാം എളുപ്പത്തിൽ

പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരമുള്ളതും പ്രകൃതിദത്തവുമായ ചെടിയാണ് മധുര തുളസി അഥവാ സ്റ്റീവീയ. പ്രമേഹ രോഗികൾക്ക് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. മധുര തുളസിയിൽ അടങ്ങിയിട്ടുള്ള സ്റ്റീവിയോൾ ഗ്ലൈക്കോസൈഡ് എന്ന സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.

കലോറി അടങ്ങിയിട്ടില്ല എന്നതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുര തുളസി ഉത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുറിവ് വേഗം ഭേദമാക്കുന്നു. മധുര തുളസിയുടെ ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തിട്ടാൽ മുഖക്കുരു അകറ്റാം. ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഉള്ള മധുര തുളസിയുടെ സത്ത് താരൻ അകറ്റാൻ ഉപയോഗിക്കുന്നവരും ഏറെയാണ്. ഇത്തരത്തിൽ ഏറെ ഗുണങ്ങളുള്ള സ്റ്റീവീയ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

കൃഷിരീതി

പൊതുവെ കേരളത്തിലെ കാലാവസ്ഥ മധുര തുളസിയുടെ കൃഷിക്ക് വളരെ അനുയോജ്യമാണ്. വെള്ളക്കെട്ടില്ലാത്തതും ജൈവവള സമ്പുഷ്ടവുമായ മണൽ കലർന്ന മണ്ണാണ് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. മാത്രമല്ല ദിവസവും കുറഞ്ഞത് ആറ് മണിക്കൂർ വരെ എങ്കിലും നല്ല വെയിൽ ലഭിക്കുന്ന സ്ഥലം ഇതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. വിത്തുകളേക്കാൾ വേഗത്തിൽ വളരുന്നത് തണ്ടുകൾ മുറിച്ചു നടുമ്പോഴാണ്.

നാല് മുതൽ ആറ് ഇഞ്ച് വരെ നീളമുള്ള മൂപ്പുള്ള തണ്ടുകൾ നടാനായി ഉപയോഗിക്കാം. ഇനി ചട്ടികളിലാണ് കൃഷിചെയ്യാൻ പദ്ധതിയെങ്കിൽ ഒരോ തൈ വീതം വേണം നടാൻ. മാത്രമല്ല ചട്ടിയുടെ അടിയിൽ സുഷിരങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. അങ്ങനെ വന്നാൽ വേര് പെട്ടെന്ന് ചീഞ്ഞുപോകാൻ ഇടയുണ്ട്.

രാസവളങ്ങൾ പരമാവധി ഒഴിവാക്കി വേണം കൃഷിചെയ്യാൻ. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിങ്ങനെയുള്ള ജൈവവളങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നട്ട് കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. മധുര തുളസിയിൽ വെള്ളപ്പൂക്കൾ വിരിയുന്നതിന് മുമ്പ് ഇലകളിൽ മധുരമുണ്ടാകും. ഈ സമയത്താണ് വിളവെടുക്കേണ്ടത്. ഒരു ചെടിയിൽ നിന്നും ആവശ്യമായ തണ്ടുകൾ മുറിച്ചെടുത്തതിന് ശേഷം ബാക്കി അതുപോലെ തന്നെ പരിചരിക്കണം. ഇത് പുതിയ ചെടികൾ വളരാൻ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം


മധുരതുളസിയുടെ ഇലകൾ നേരിട്ട് ചായയിലോ കാപ്പിയിലോ ഇട്ട് തിളപ്പിച്ച് കുടിക്കാം.
ഇലകൾ വെയിലത്ത് ഉണക്കിപ്പൊടിച്ച് ചായപ്പൊടി പോലെ സൂക്ഷിക്കാം.
വിപണിയിൽ സ്റ്റീവിയ ദ്രാവകരൂപത്തിലും പൊടി രൂപത്തിലും ലഭ്യമാണ്.


Source link

Back to top button