NEWS

10 വർഷത്തിനിടെ പിണറായി നടത്തിയത് 30 വിദേശയാത്രകൾ; താമസത്തിന് ചെലവായതു ‘പൂജ്യം’ രൂപയെന്ന് വിചിത്ര മറുപടി


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ നടത്തിയതു 30 വിദേശയാത്രകൾ. ഇത്രയും യാത്രകളിലായി 17 രാജ്യങ്ങളാണു സന്ദർശിച്ചതെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു പൊതുഭരണ വകുപ്പിന്റെ മറുപടി. എന്നാൽ, 30 യാത്രകൾ നടത്തിയിട്ടും പൊതുഭരണവകുപ്പു പുറത്തുവിട്ടത് 8 യാത്രകളുടെ ചെലവ് മാത്രം. ഈ 8 യാത്രകളിലായി 74,59,364 രൂപ ചെലവിട്ടെന്നു മറുപടിയിൽ പറയുന്നു. എന്നാൽ യാത്രകളിൽ താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണു വിചിത്രമായ മറുപടി. 2018 ജൂലൈയിൽ യുഎസിലേക്കു നടത്തിയ യാത്ര ‘സ്വകാര്യ’മെന്നാണു സർക്കാർ രേഖയിലെങ്കിലും 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചെന്നു വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവയാണു സന്ദർശിച്ച രാജ്യങ്ങളെന്നു മുളക്കുളം സൗത്ത് സ്വദേശി എം.ടി.തോമസിനു ലഭിച്ച മറുപടിയിൽ പറയുന്നു.


Source link

Back to top button