NEWS
പേരിൽ നിന്ന് ‘ഇന്ത്യ’യെ ഒഴിവാക്കി; ഇനി ‘യുഎസ് പസിഫിക് കമാൻഡ്’: 8 വർഷം മുൻപ് നടത്തിയ പേരുമാറ്റം റദ്ദാക്കി യുഎസ്

വാഷിങ്ടൻ∙ യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ ‘യുഎസ് ഇൻഡോ–പസിഫിക് കമാൻഡ്’ ഇനി അറിയപ്പെടുക ‘യുഎസ് പസിഫിക് കമാൻഡ്’ എന്ന പേരിൽ. 2018ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഊഴത്തിൽ നൽകിയ പേരിനാണു മാറ്റം വരുത്തുന്നത്. 2018 വരെ പസിഫിക് കമാൻഡ് എന്നാണ് ഈ സൈനിക വിഭാഗം അറിയപ്പെട്ടിരുന്നത്.ഇന്ത്യൻമഹാസമുദ്രത്തിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണു പേരുമാറ്റമെന്നാണ് 8 വർഷം മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് സൂചിപ്പിച്ചത്. പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്കു നൽകുന്ന പരിഗണനയുടെ പ്രാധാന്യമായും ഈ നടപടിയെ വ്യാഖ്യാനിച്ചിരുന്നു. യുഎസ് സായുധസേനാ കമാൻഡുകളിൽ പഴക്കത്തിലും വലിപ്പത്തിലും ഒന്നാമതായ യുഎസ് പസിഫിക് കമാൻഡ് 1947ൽ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാനാണ് സ്ഥാപിച്ചത്. ആ ചരിത്രത്തെ അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ പേരുമാറ്റമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. യുഎസ് പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി വരെ 26 കോടി ചതുരശ്ര കിലോമീറ്റർ പ്രദേശം കമാൻഡിന്റെ പരിധിയിൽ വരും.
Source link


