NEWS

40,000 രൂപവരെ വരുമാനം പ്രഖ്യാപിച്ചിട്ടും മാലിന്യശേഖരണത്തിന് ഹരിതകർമസേനയിൽ ആൾക്ഷാമം


കാസർകോട് ∙ നഗരത്തിലെ മാലിന്യം നീക്കംചെയ്ത് ക്ലീൻ കേരളയ്ക്കു കൈമാറിയാൽ 40,000 രൂപവരെ വരുമാനം. എന്നാൽ നഗരസഭാ പരിധിയിലെ മാലിന്യം നീക്കംചെയ്ത് ഈ വരുമാനം നേടാൻ ആവശ്യമായ അംഗങ്ങളെ കിട്ടാതെ ഹരിതകർമ സേന. കാസർകോട് നഗരസഭയിലെ 39 വാർഡുകളിലായി 78 പേർ വേണം. എന്നാൽ ആകെയുള്ളത് 42 പേർ. ഒരു വാർഡിൽ രണ്ടുപേർ വേണമെന്നതാണ് കണക്ക്. 36 പേരുടെ കുറവുണ്ട്. ഇതു കാരണം പല വാർഡുകളിലും മന്ദഗതിയിലാണ് മാലിന്യനീക്കം. പ്ലാസ്റ്റിക്, കുപ്പി, ചില്ല,് ബാഗ്, തുണി തുടങ്ങിയ വിവിധ സാധനങ്ങളാണ് ശേഖരിച്ചു തരംതിരിച്ച് ക്ലീൻ കേരളയ്ക്കു കൈമാറേണ്ടത്. ഇപ്പോൾ മറ്റു വാർഡുകളിലെ ഹരിതകർമ സേന അംഗങ്ങളാണ് വിവിധ വാർഡുകളിൽ മാലിന്യം നീക്കംചെയ്യുന്നത്.നെല്ലിക്കുന്ന്, കടപ്പുറം, ഫോർട്ട് റോഡ്, തായലങ്ങാടി, തെരുവത്ത്, കടവത്ത്, തളങ്കര തുടങ്ങിയ 18 വാർഡുകളിൽ ഹരിതകർമ സേന അംഗങ്ങളില്ല. മഴക്കാലം വരുന്നതോടെ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാകുക വഴി കൊതുക്, രോഗ വ്യാപനത്തിനു ഇടയാകും. നഗരസഭയിലെ 39 വാർഡുകളിലായി മാലിന്യം നീക്കുന്നതുവഴി പ്രതിമാസം ഏഴര ലക്ഷം രൂപയുടെ വരുമാനമുണ്ട് ഹരിതകർമസേനയ്ക്ക്. ഒരു അംഗത്തിനു ചുരുങ്ങിയത് 10,000 രൂപ ലഭിക്കും.


Source link

Back to top button