NEWS

ഐ.പി.എസ് മാറ്റങ്ങൾ ചട്ടവിരുദ്ധമല്ലെന്ന് സർക്കാർ

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ ചട്ടവിരുദ്ധമല്ലെന്നും ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട കെ.കാർത്തിക് വ്യക്തിപരമായ ചില അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തെ തൃശൂരിലേക്ക് മാറ്റിയത് പുനഃപരിശോധിച്ചേക്കും. നോർത്ത് സോൺ ഐ.ജിയായിരുന്ന രാജ്പാൽ മീണ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതുകാരണമുള്ള ഒഴിവിൽ ഉടൻ നിയമനം നടത്തും. തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തസ്തികകൾ ഐ.ജിമാരുടേതാണെങ്കിലും ഉദ്യോഗസ്ഥ ക്ഷാമം കാരണം ഏറെക്കാലമായി ഡി.ഐ.ജിമാരെയാണ് നിയമിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിതനായ ഷൗക്കത്തലി ദേശീയ അന്വേഷണ ഏജൻസിയിലടക്കം (എൻ.ഐ.എ) പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനാണെന്നും സർക്കാർ വിശദീകരിച്ചു. ഐ.പി.എസ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച എസ്.പിമാരെ ജില്ലാ പൊലീസ് മേധാവിമാരാക്കുന്നത് മുൻപും ഉണ്ടായിട്ടുണ്ടെന്നും വിശദീകരണമുണ്ട്. ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് അതൃപ്തി അറിയിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.


Source link
NEWS

Back to top button