BUSINESS
എഐയിലും ‘ട്രംപിന്റെ യുദ്ധം’; ‘ആഗോളവൽക്കരണം ചത്തു’, രക്ഷകനായി നിലേകനി വരണം, മോദി കേൾക്കുമോ ഈ അപേക്ഷ?

ഇന്ത്യൻ ഐടി ഓഹരികളെ കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടത്തിലാക്കിയ എഐ മോഡലുകൾ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് നൽകുന്നത് നിരോധിച്ച് അമേരിക്ക. ആന്ത്രോപ്പിക്കിന്റെ ഏറ്റവും പുതിയ എഐ മോഡലുകളായ ഫാബിൽ 5, മിത്തോസ് 5 എന്നിവയ്ക്കാണ് വിലക്ക്. ആന്ത്രോപ്പിക്കിന്റെ ജീവനക്കാരായ യുഎസ് പൗരന്മാർ അല്ലാത്തവർക്കും നിരോധനം ബാധകമാണ്. യുഎസ് ഉത്തരവിന് പിന്നാലെ ക്ലോഡിൽ നിന്ന് ഈ മോഡലുകൾ പിൻവലിച്ചു. സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. എന്നാൽ ഇതെന്താണെന്ന് വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല. ഈ മോഡലുകളിലെ അത്യാധുനിക എഐ സംവിധാനങ്ങൾ സർക്കാരിനെതിരായ സൈബർ ആക്രമണം അടക്കമുള്ള കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്കയിലാണ് നിരോധനമെന്നാണ് കരുതുന്നത്. നടപടി രാജ്യാന്തര തലത്തിൽ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ഇതാദ്യമായാണ് ഒരു സർക്കാർ എഐ മേഖലയിൽ നിരോധനം കൊണ്ടുവരുന്നതെന്നും അനലിസ്റ്റുകൾ പറയുന്നു. അടുത്ത കാലത്തായി ആന്ത്രോപിക്കും ട്രംപ് ഭരണകൂടവും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയുടെ തുടർച്ചയാണിതെന്ന് കരുതുന്നവരും ഏറെയാണ്. പ്രതിരോധ ആവശ്യങ്ങൾക്കായി എഐ മോഡലുകൾ ഉപയോഗിക്കാനുള്ള യുഎസ് നീക്കത്തോട് സഹകരിക്കില്ലെന്ന് അടുത്തിടെ ആന്ത്രോപിക്ക് നിലപാടെടുത്തിരുന്നു. അതേസമയം, അമേരിക്കൻ നടപടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണെന്ന് വ്യവസായ ലോകം. എഐ മേഖലയിൽ രാജ്യത്തിന് മുന്നേറാൻ ഇന്ത്യ എഐ മിഷൻ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മണിപ്പാൽ ഗ്ലോബൽ എജ്യൂക്കേഷൻ ചെയർമാൻ ടി.വി.മോഹൻദാസ് പൈ ആവശ്യപ്പെട്ടു. ഇതിനായി 50,000 കോടി രൂപ അനുവദിക്കണം. മിഷന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നന്ദൻ നിലേകനിയെ നിയമിക്കണം. സ്വകാര്യ മേഖലയുടെ സഹകരണവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എഐ പോലുള്ള സാങ്കേതിക വിദ്യകളിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാൻ പറ്റില്ലെന്നതിനു തെളിവാണ് ആന്ത്രോപ്പിക്കിനെതിരായ നടപടിയെന്ന് സോഹോ കോർപറേഷൻ മുൻ സിഇഒ ശ്രീധർ വെമ്പുവും പ്രതികരിച്ചു. സാങ്കേതിക വിദ്യയാണ് പുതിയ ആയുധം. ദേശസുരക്ഷയും പരമാധികാരവുമെല്ലാം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളവൽകരണം മരിച്ചിരിക്കുന്നു. മുന്നോട്ടു കുതിക്കാൻ ഇന്ത്യ സ്വന്തം വഴികൾ കണ്ടെത്തിയേ തീരൂ. ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ രണ്ടു വഴികളാണുള്ളത്. ഒന്ന് ഓപ്പൺ സോഴ്സ് മോഡലുകളുടെ സഹായത്തോടെ ഇന്ത്യ സ്വന്തം എഐ മോഡലുകൾ നിർമിക്കണം. എഐ ഗവേഷണ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് മറ്റൊന്ന്. ആഗോളവൽകരണത്തെക്കുറിച്ച് ഇനിയും ആർക്കെങ്കിലും തെറ്റായ ധാരണകൾ ഉണ്ടെങ്കിൽ ഇത് തിരിച്ചറിവിന്റെ കാലമാണെന്നും അദ്ദേഹം കുറിച്ചു. ഐടി ഓഹരികളെ ഇടിച്ച് ‘എഐ ഭൂതം’കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച മാത്രം 2.7 ശതമാനമാണ് നിഫ്റ്റി ഐടി സൂചിക ഇടിഞ്ഞത്. ഒരാഴ്ചത്തെ കണക്കെടുത്താൽ ഒരു ശതമാനത്തോളം സൂചിക ഇടിവിലാണ്. നഷ്ടത്തിന്റെ പ്രധാന കാരണം ആന്ത്രോപിക്കിന്റെ പുതിയ മോഡലുകളെക്കുറിച്ചുള്ള ആശങ്കയായിരുന്നു. ഇതുമാറിയതോടെ തിങ്കളാഴ്ച ഐടി ഓഹരികളിൽ എന്തുമാറ്റമുണ്ടാകുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.
Source link


