SPORTS

എത്ര അവസരങ്ങൾ, ഇനി സ്വയം പഴിക്കാം, ഖത്തർ ഗോളി അബുനാഡയെ നമിക്കണം; സമനില പൂട്ടിട്ട് ഖത്തർ, സ്വിറ്റ്സര്‍ലൻഡിന് ‘ഇൻജറി’


26 ഗോള്‍ ശ്രമങ്ങളാണ് ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഖത്തറിന്റെ ഗോൾ മുഖത്ത് സ്വിറ്റ്സർലൻഡ് വർഷിച്ചത്. അതിൽ ഏഴെണ്ണം ഓൺ ടാർഗറ്റ് ഷോട്ടുകളുമായിരുന്നു. പന്തടക്കത്തിലും പാസുകളിലും ഖത്തറിനു ബഹുദൂരം മുന്നിലായിട്ടും ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില കൊണ്ട് സ്വിറ്റ്സർലൻഡിന് തൃപ്തിപ്പെടേണ്ടിവന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ലഭിച്ച അവസരങ്ങളിൽ ഭൂരിഭാഗവും തുലച്ചുകളഞ്ഞു. രണ്ട് പ്രതിരോധക്കോട്ട കെട്ടി ഖത്തർ ഗോൾ പോസ്റ്റിനുമുന്നിൽനിന്ന ഗോൾ കീപ്പർ മഹമൂദ് അബുനാഡ. ആദ്യ പകുതിയിൽ തന്നെ കൃത്യമായ ആധിപത്യം മത്സരത്തിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്ന സ്വിസ് മുന്നേറ്റ നിരയെ അബുനാഡയുടെ ഒറ്റയാൾ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് ഖത്തർ പ്രതിരോധിച്ചുനിന്നത്. തകര്‍ത്തുകളിച്ചിട്ടും 17–ാം മിനിറ്റിൽ ബ്രീല്‍ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിന് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ബൗലം ഖൗക്കിയിലൂടെ ഖത്തർ മറുപടിയൊരുക്കുകയായിരുന്നു. ഇന്‍ജറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ആദ്യ പകുതി ചടുലമായിരുന്ന പോരാട്ടത്തിന്റെ രണ്ടാം പകുതി താരതമ്യേന വിരസമായിരുന്നു.കിക്കോഫിനു പിന്നാലെ ഇരു ടീമുകളുടെയും മുന്നേറ്റങ്ങളോടെയാണു മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ എംബോളോ സ്വിറ്റ്സർലൻഡിനു വേണ്ടിയും രണ്ടാം മിനിറ്റിൽ എഡ്മിൽസൻ ജൂനിയർ ഖത്തറിനായും അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ആദ്യ മിനിറ്റുകളിൽ തന്നെ ഖത്തറിനെ പ്രതിരോധത്തിലേക്ക് തളച്ചിടാൻ സ്വിറ്റ്സർലൻഡിനു സാധിച്ചു. പന്തുമായി നിരന്തരം സ്വിസ് താരങ്ങൾ ഇരചെത്തിയതോടെ ഖത്തർ പ്രതിരോധം ആടിയുലഞ്ഞു. അതിന്റെ ഫലമായിരുന്നു സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ. പന്തു വാങ്ങി ഖത്തർ ബോക്സിലെത്തിയ എട്ടാം നമ്പർ താരം റെമോ ഫ്രൗലറെ ഖത്തർ ഗോൾ കീപ്പർ മഹമൂദ് അബുനാഡ‍ ഫൗൾ ചെയ്തു വീഴ്ത്തി. വാർ പരിശോധനകൾക്കു ശേഷമാണ് സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. 16–ാം മിനിറ്റിലെ ഫൗളിന്റെ പേരിൽ അബുനാഡ യെല്ലോ കാർഡ് കണ്ടു. കിക്കെടുത്ത ബ്രീൽ എംബോളോ സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചു. 1–0. ഖത്തറിൽ നടന്ന ലോകകപ്പിലും സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോളടിച്ചത് എംബോളോ ആയിരുന്നു. 42–ാം മിനിറ്റിൽ ലഭിച്ച അവസരം ഖത്തർ പാഴാക്കി. അക്രം അഫിഫിന്റെ ക്രോസിൽ, എ‍ഡ്മിൽസനിന്റെ ഗോൾ ശ്രമം, പക്ഷേ സ്വിസ് ഗോളി ഗ്രെഗർ കോബൽ പ്രതിരോധിച്ചു. കോർണറായി ലഭിച്ച പന്തും ക്ലിയർ ചെയ്തതോടെ ഖത്തറിനു നിരാശ. 45–ാം മിനിറ്റിൽ സ്വിസ് താരം ബ്രീല്‍ എംബോളോ നൽകിയ പാസില്‍ പന്തുമായി പോസ്റ്റിനടുത്തേക്ക് കുതിച്ച റൂബൻ വർഗാസിന് നിരാശ. ഖത്തർ ഗോൾ കീപ്പർ അബുനാഡ കാൽ കൊണ്ട് പന്ത് അടിച്ചുനീക്കി വീണ്ടും രക്ഷകനാകുന്നു. പിന്നാലെ മിച്ചൽ അബിഷേലിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ലൈനിൽവച്ച് ഖത്തർ താരം എൽ അഹമ്മദ് പ്രതിരോധിച്ചു. ആറു മിനിറ്റ് അധിക സമയം പിന്നിട്ടതോടെ ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡ് 1–0ന് മുന്നിൽ. ആദ്യ പകുതിയിൽ ഏഴ് ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ഗോൾ ലക്ഷ്യമാക്കി സ്വിസ് മുന്നേറ്റ നിര പായിച്ചത്. അബുനാഡയെന്ന ഗോൾ കീപ്പർ ഉള്ളതുകൊണ്ടു മാത്രം ഖത്തർ വലയിലെത്തിയ ഗോളുകളുടെ എണ്ണം ഒന്നിലൊതുങ്ങി.


Source link

Back to top button