NEWS

‘രാജാവിനെക്കാൾ രാജഭക്തി; വാഴ്ത്തുപാട്ടുകാർ ഓരിയിടുന്നു’: മുൻ സർക്കാരിനും നേതാക്കൾക്കുമെതിരെ വിമർശനം


കോട്ടയം ∙ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിൽ കഴിഞ്ഞ ഇടതു സർക്കാരിനെതിരെയും സിപിഎം സംസ്ഥാന നേതാക്കൾക്കെതിരെയും വിമർശനം. ഭർത്താവിന്റെ പീഡനം സഹിച്ചും, അഭിമാനം ഓർത്ത് ബന്ധം തുടരുന്ന ഭാര്യമാരുടെ അവസ്ഥയിലായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻജിഒ യൂണിയനെന്ന് ഒരു പ്രതിനിധി ആരോപിച്ചു. 5 വർഷം ശമ്പളപരിഷ്കരണം നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും 6000 കോടി മിച്ചമുണ്ടായിട്ടും ശമ്പളപരിഷ്‌കരണ കുടിശികയും ഡിഎ കുടിശികയും നൽകിയില്ലെന്നും താഴെത്തട്ടിലുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ സംഘടന ഇടപെട്ടിട്ടില്ലെന്നും ചിലർ ആരോപിച്ചു.സിപിഎം നേതാക്കൾക്കെതിരെയും വിമർശനമുയർന്നു. ‘രാജാവിന്റെ ദുർഗന്ധം തിരിച്ചറിയാത്ത അനുയായികൾ വാഴ്ത്തുപാട്ടുകൾ ഓരിയിട്ടു നടക്കുന്നു. വാഴ്ത്തുപാട്ടുകാരായി സംസ്ഥാനത്തെ ചില നേതാക്കൾ മാറുന്നു. അവർ രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്നു’ – ഒരു പ്രതിനിധി തുറന്നടിച്ചു. കുടം കമഴ്ത്തിവച്ച് വെള്ളം ഒഴിക്കുന്ന ഭരണമായിരുന്നു നടന്നതെന്നു മറ്റൊരു പ്രതിനിധി ആരോപിച്ചു.പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. വി.എൻ.വാസവൻ, എം.വി.ശശിധരൻ, സീമ എസ്.നായർ, എസ്.ഗോപകുമാർ, എ.ശ്രീകുമാർ, ടി.കെ.എ.ഷാഫി, ജി.ആർ.പ്രമോദ്, ആർ.രഘുനാഥൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.


Source link

Back to top button