NEWS

ലൈംഗികാതിക്രമം: പരാതി വൈകിയാൽ കേസ് റദ്ദാകില്ലെന്ന് ഹൈക്കോടതി


മുംബൈ ∙ ലൈംഗികാതിക്രമക്കേസുകളിൽ പരാതി നൽകാനോ എഫ്ഐആർ റജിസ്റ്റർ ചെയ്യാനോ വൈകി എന്ന കാരണത്താൽ മാത്രം കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യയിൽ ഇത്തരം അതിക്രമങ്ങൾ തുറന്നുപറയാനും നിയമനടപടികളിലേക്ക് നീങ്ങാനും ഇരകളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമൂഹിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ 58 വയസ്സുകാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്.2019 മാർച്ച് 10നായിരുന്നു സംഭവം. പ്രതിയുടെ ഫ്ലാറ്റിൽ ജോലിക്ക് എത്തിയ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പരാതി നൽകാൻ 23 ദിവസത്തെ കാലതാമസം വന്നെന്നും പണം തട്ടിയെടുക്കാൻ ഭർത്താവും ഭാര്യയും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നുമായിരുന്നു പ്രതിയുടെ വാദം. സംഭവദിവസം യുവതി ഫ്ലാറ്റിൽ നിന്നു ശാന്തയായാണ് ഇറങ്ങിപ്പോകുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതി കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി, പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കി.


Source link

Back to top button