NEWS

കാഫിർ സ്ക്രീൻഷോട്ട് ആദ്യം എത്തിയത് ‘വടകര സ്ക്വാഡിൽ’; അഡ്മിന്മാരെ ചോദ്യം ചെയ്യും, ആ ബുദ്ധികേന്ദ്രം ആര്?


കോഴിക്കോട് ∙ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കടന്നു. ഹാജരാകാൻ നോട്ടിസ് നൽകിയതു പ്രകാരം വടകര ക്രൈംബ്രാഞ്ച് ഓഫിസിലാണ് ബുധനാഴ്ച ഇവരുടെ ചോദ്യംചെയ്യൽ നടത്തുന്നത്. വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ‘വടകര സ്ക്വാഡ്’ ഗ്രൂപ്പിലാണ് ആദ്യം എത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ആരു വഴിയാണ് സ്ക്രീൻ ഷോട്ട് ഈ വാട്സാപ് ഗ്രൂപ്പിൽ എത്തിയതെന്നു കണ്ടെത്തിയ ശേഷം സ്ക്രീൻ ഷോട്ടിന് പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന നിർണായക ഘട്ടത്തിലേക്ക് അന്വേഷണ സംഘം കടക്കും.സംഭവത്തിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന റിബേഷ് രാമകൃഷ്ണൻ, ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്‌ബുക്ക് പേജിന്റെ അഡ്മിൻ മനീഷ്, ‘റെഡ് ബറ്റാലിയൻ’ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം പ്രചരിപ്പിച്ച അമൽറാം എന്നീ മൂന്നു പേരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റിബേഷിന് ഈ സ്ക്രീൻ ഷോട്ട് ലഭിച്ചത് ‘വടകര സ്ക്വാഡ്’ എന്ന ഗ്രൂപ്പിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഗ്രൂപ്പിന്റെ അഞ്ച് അഡ്മിൻമാരെ പ്രത്യേകമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. തിരുവളളൂരിലെ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഫോണിൽ നിന്നാണ് ഈ സന്ദേശം അയച്ചതെന്ന രീതിയിലാണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. എന്നാൽ, താനല്ല ഈ സന്ദേശം ഉണ്ടാക്കിയതെന്നും വ്യാജമായി നിർമ്മിച്ചതാണെന്നും കാണിച്ച് കാസിം അന്നു തന്നെ പൊലീസിൽ പരാതി നൽകി. തുടർ അന്വേഷണത്തിൽ വിവാദമായ ഈ സ്ക്രീൻഷോട്ട് ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ ‘വടകര സ്ക്വാഡ്’, ‘പോരാളി ഷാജി’ തുടങ്ങിയവയിൽ നിന്നാണ് ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതിൽതന്നെ ‘വടകര സ്ക്വാഡ്’ എന്ന ഗ്രൂപ്പിലേക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.


Source link

Back to top button