NEWS
ഇറാന്റെ വിനാശകരമായ ആസൂത്രണങ്ങൾക്കെതിരെ യുഎസ്: കനത്ത ജാഗ്രത, അതീവ സങ്കീർണമെന്ന് ഗൾഫ് രാജ്യങ്ങൾ

അബുദാബി/ദോഹ∙ കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇയും ഖത്തറും ഈജിപ്തും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ. ഒപ്പം ഇറാൻ ഭരണകൂടത്തിന്റെ വിനാശകരമായ ആസൂത്രണങ്ങൾക്കെതിരെ യുഎസും സഖ്യകക്ഷികളും രംഗത്തെത്തിയതോടെ മധ്യപൂർവദേശത്ത് കനത്ത ജാഗ്രതയും നിലനിൽക്കുകയാണ്.കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ മൂന്ന് സഹോദര രാജ്യങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഈ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന ഈ നീക്കത്തിൽ മൂന്ന് രാജ്യങ്ങൾക്കും യുഎഇ തങ്ങളുടെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വന്തം രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാൻ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.∙ ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസും സഖ്യകക്ഷികളും അതേസമയം, മിഡിൽ ഈസ്റ്റിലെ ആക്രമണങ്ങൾക്ക് പുറമെ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് വിഭാഗവും ഖുദ്‌സ് ഫോഴ്‌സും നടത്തുന്ന മാരകമായ ആസൂത്രണങ്ങൾക്കും നിയമവിരുദ്ധ നീക്കങ്ങൾക്കുമെതിരെ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള യൂറോപ്യൻ സഖ്യകക്ഷികളും മറ്റ് പ്രമുഖ രാജ്യങ്ങളും സംയുക്തമായി രംഗത്തെത്തി. ഇറാന്റെ രഹസ്യാന്വേഷണ-സുരക്ഷാ മന്ത്രാലയത്തിന്റെ ഇത്തരം വിനാശകരമായ പ്രവർത്തനങ്ങളെ ഒട്ടും വച്ചുപൊറുക്കില്ലെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവനയാണ് ഇവർ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതോടെ ഇറാനെതിരെ രാജ്യാന്തര തലത്തിൽ നയതന്ത്ര സമ്മർദ്ദം ശക്തമായിരിക്കുകയാണ്.
Source link


