നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇനി മറ്റൊരു ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.
ജഡ്ജി തന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ അദ്ദേഹം മുൻപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയിരുന്ന കാലയളവിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത്. ഇതാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നാണ് ആവശ്യം. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയായിരുന്നു അതിജീവിത പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡ് മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധിച്ചത്.
Source link
NEWS


