അമ്മവീട്ടിൽനിന്ന് പോരുമ്പോൾ കണ്ണു നനയാത്തവരുണ്ടോ?; ഓർമ്മകൾ തൊട്ടുണർത്തി കുരുന്നിന്റെ വീഡിയോ

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് അമ്മവീട്. കളിയും ചിരിയുമായി അമ്മവീട്ടിൽ ആഘോഷിച്ച അവധിദിനങ്ങൾ എല്ലാക്കാലത്തും മധുരമുള്ള ഓർമ്മയാണ്. പഠനത്തിന്റെ ആകുലതകളില്ല, അമ്മയുടെ വഴക്ക് കേൾക്കില്ല, എന്തിനും ഏതിനും കൂടെ നിൽക്കാൻ അമ്മൂമ്മയും അപ്പൂപ്പനും. കൂട്ടിനൊരു കുട്ടിപ്പട കൂടിയുണ്ടെങ്കിൽ ഉഷാറായി. ഇപ്പോഴിതാ, അമ്മവീട്ടിൽ നിന്നും തിരികെ പോകാൻ താൽപര്യമില്ലാതെ കരയുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് സോഷ്യൽമീഡിയാ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്.
കാറിനുള്ളിലുരുന്ന് വിതുമ്പി കരയുകയാണ് കുരുന്ന്. പുറത്ത് നിൽക്കുന്ന അമ്മൂമ്മ ചെറുമകളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സങ്കടം അടക്കാൻ ആകുന്നില്ല. അമ്മൂമ്മയുടെ ഒക്കത്ത് മറ്റൊരു കുരുന്ന് ഇരിപ്പുണ്ട്. യാത്രപോകുന്നവർ കൂടെകൊണ്ടുപോകാത്തതിലെ പരിഭവം ആ മുഖത്തും കാണാം. വീഡിയോയ്‌ക്കൊപ്പം സ്‌നേഹാർദ്രമായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
‘അമ്മവീടും അമ്മമ്മയും, കാലമെത്ര കഴിഞ്ഞിട്ടും അന്നും ഇന്നും ഇവിടുന്നുള്ള യാത്ര പറച്ചിൽ എന്നും വേദന തന്നെ. എന്നും അമ്മവീട്ടിൽ പോയി തിരിച്ചു വരുമ്പോൾ എന്റെ മകളും ഇങ്ങനെതന്നെ. അമ്മമ്മക്കുട്ടി. ഒരാൾ അമ്മമ്മയുടെ അടുത്തേക്ക് പോകാൻ കരയുമ്പോൾ മറ്റൊരാൾ റ്റാറ്റ കൊണ്ടുപോകാത്ത പരിഭവത്തിൽ കരയുന്നു. ആഴ്ച്ചയിൽ രണ്ട് ഡയാലിസിസ് ഉള്ള എന്റെ അമ്മയ്ക്ക് ഇവർ എനർജി സോഴ്സ് ആണ്. അച്ഛനമ്മാർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ മക്കൾ ആണ്. അച്ചാച്ചന്മാരുടെയും അച്ഛമ്മയുടെയും അമ്മമ്മയുടെയുമൊക്കെ സ്നേഹത്തോടെ നന്മയുള്ളവരായി വളരട്ടെ’- കുറിപ്പിൽ പറയുന്നു.
Source link


