LIFESTYLE
കുട്ടികൾ പൊതുസ്ഥലത്ത് കളിക്കരുത്, ശബ്ദമുണ്ടാക്കരുത്: പ്രായമുള്ളവർ ഹൗസിങ് സൊസൈറ്റിയിൽ അനാവശ്യ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നു; വിമർശനം

നഗരങ്ങളിലേക്ക് താമസം മാറുന്നവരിൽ ഭൂരിഭാഗവും ഒറ്റപ്പെട്ട വീടുകളേക്കാൾ മുൻഗണന നൽകുന്നത് കമ്മ്യൂണിറ്റി ലിവിങ് സംവിധാനങ്ങൾക്കാണ്. വൈദ്യുതി, വാട്ടർ കണക്ഷൻ, പാർക്കിങ്, സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പൊതുവായ സംവിധാനങ്ങളുള്ളത് കൂടുതൽ സൗകര്യമായി കാണുന്നതിനാലാണിത്. എന്നാലിന്ന് ഇത്തരം ഹൗസിങ് സൊസൈറ്റികളിൽ ജീവിക്കുന്നവർക്ക് അടിസ്ഥാന കാര്യങ്ങൾക്ക് പോലും വിലക്ക് നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് പറയുകയാണ് ഒരു ബെംഗളൂരു സ്വദേശി. തന്റെ ഹൗസിങ് സൊസൈറ്റി മാനേജ്മെന്റിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനം.താമസക്കാരിലെ യുവതലമുറ ഓഫിസ് ജോലികളും വീട്ടുകാര്യങ്ങളുമായി കൂടുതൽ തിരക്കുകളിലാകുന്നത് മൂലം ഹൗസിങ് സൊസൈറ്റികളുടെ മാനേജ്മെന്റിൽ ഏറിയ പങ്കും പ്രായമായവരാണ് കമ്മിറ്റി അംഗങ്ങളാകുന്നത് എന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. ഇവർ തങ്ങളുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് കമ്മ്യൂണിറ്റിയിലെ ജീവിത സാഹചര്യങ്ങൾ അനാവശ്യമായി നിയന്ത്രിക്കുന്ന പ്രവണതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവയിൽ പലതും അപ്രായോഗികമായ നിയന്ത്രണങ്ങളാണെന്നും പറയുന്നുണ്ട്.തന്റെ ഹൗസിങ് സൊസൈറ്റിയിൽ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങളും പോസ്റ്റിൽ എടുത്തു പറഞ്ഞിരിക്കുന്നു. പൂന്തോട്ടത്തിലെ പുൽത്തകിടിയിൽ ഇരിക്കരുത് എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. പൊതുവിടങ്ങളിൽ കുട്ടികൾ കളിക്കുന്നതിനു വിലക്കുണ്ട്. സൊസൈറ്റിയിലെ സ്വിമ്മിങ് പൂളിൽ വായു നിറയ്ക്കുന്ന തരം പന്തുകൾ ഉപയോഗിക്കരുത് എന്നതാണ് മറ്റൊരു നിയന്ത്രണം. അനേകം കുടുംബങ്ങൾ ഒന്നുചേർന്ന് ആസ്വദിച്ചു കഴിയുന്ന കമ്മ്യൂണിറ്റി ലിവിങ് എന്ന ആശയത്തിന് തന്നെ ഇത്തരം നിയന്ത്രണങ്ങൾ എതിരാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. ഇതുമൂലം ഇത്തരം ഇടങ്ങളിലെ താമസം മടുപ്പുളവാക്കുന്ന സാഹചര്യവുമുണ്ട്.ഇന്ത്യയിലെ ഹൗസിങ് സൊസൈറ്റികളിലെ അനാവശ്യ നിയന്ത്രണങ്ങളെ ‘ ബൂമർ റൂളുകൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജോലിയിൽ നിന്നും വിരമിച്ചു കഴിയുന്ന ആളുകൾ കമ്മിറ്റി അംഗങ്ങളാകുന്നതിന്റെ ദൂഷ്യഫലങ്ങളാണ് ഇതെന്നും പോസ്റ്റിലൂടെ അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരക്കാർക്ക് പകരം കമ്മ്യൂണിറ്റി ലിവിങ്ങിനെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളുള്ള ആളുകൾ ഭാരവാഹികളാകാൻ പത്തുവർഷങ്ങൾ കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റ് വൈറലായതോടെ സമാനമായ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി ആളുകളാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്.സൊസൈറ്റി പരിസരത്ത് കുട്ടികൾ സൈക്കിൾ ചവിട്ടുന്നതിനും കളിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയ സംഭവം ഒരാൾ പങ്കുവയ്ക്കുന്നു. അടിസ്ഥാനപരമായ കാര്യങ്ങൾക്ക് പോലും ഹൗസിങ് സൊസൈറ്റി അധികൃതർ തടസ്സം നിന്നതോടെ പോലീസിൽ നിന്നും സഹായം തേടേണ്ടി വന്ന സാഹചര്യമാണ് മറ്റൊരാൾ പങ്കുവയ്ക്കുന്നത്. അവിവാഹിതരായവർക്കു മേലുള്ള അധിക നിയന്ത്രണങ്ങളും വളർത്തുമൃഗങ്ങളെ അനുവദിക്കില്ല എന്ന തരത്തിലുള്ള നിലപാടുകളുമെല്ലാം ആളുകൾ വിമർശിക്കുന്നുണ്ട്. അതേസമയം എല്ലാ സൊസൈറ്റികളിലെയും സാഹചര്യം പൊതുവായി ഇത്തരത്തിലാവുമെന്ന് വിലയിരുത്തരുതെന്നാണ് മറ്റൊരു പക്ഷത്തിന്റെ വാദം. താമസക്കാരുടെ സ്വാതന്ത്ര്യത്തിനുമേൽ കൈകടത്താതെ, എന്നാൽ കൂട്ടായ താമസസ്ഥലം എന്ന നിലയിൽ അത്യാവശ്യത്തിന് വേണ്ട അച്ചടക്കം നിലനിർത്തിക്കൊണ്ടുപോകുന്ന മാനേജ്മെന്റുകൾ ധാരാളമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Source link
CINEMA
CINEMA


