test del 5 copy of del 3
കൂരിയാട് തകർന്ന ആറുവരിപ്പാതക്ക് പകരം നിർമിച്ച വയഡക്ടിന്റെ നിർമാണം പൂർത്തിയായി; രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും

തിരൂരങ്ങാടി ∙ കൂരിയാട് തകർന്ന ആറുവരിപ്പാതക്ക് പകരം നിർമിച്ച വയഡക്ടിന്റെ നിർമാണം പൂർത്തിയായി. പാലത്തിലൂടെ ഗതാഗതം അനുവദിക്കുന്നതിന് മുന്നോടിയായി അവസാനഘട്ട പ്രവൃത്തികളാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്ന് കെഎൻആർസി അധികൃതർ പറഞ്ഞു. നിർമാണം പൂർത്തിയായ ഒരു ഭാഗം ഉടനെ തുറന്നു കൊടുക്കാനും ആലോചിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പാലത്തിൽ ഏതാനും പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. കൺസ്ട്രക‍്ഷൻ ജോയിന്റുകൾ ഫില്ല് ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. 10 ദിവസമാണ് ഇതിന്റെ കാലാവധി. നേരത്തെ ഇത് പൂർത്തിയാക്കിയ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ഉടനെ തുറന്നു കൊടുത്ത് സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നീക്കമുണ്ട്.2025 മേയ്19 നാണ് ആറുവരിപ്പാത തകർന്നത്. ഇരുഭാഗത്തും ഭിത്തി കെട്ടി ഇതിൽ മണ്ണുനിറച്ചാണ് ആറുവരിപ്പാത നിർമിച്ചിരുന്നത്. 40 അടി ഉയരത്തിലാണ് റോഡ് നിർമിച്ചിരുന്നത്. വെള്ളം ഒഴുകിപ്പോകുന്ന വയലിൽ ഇത്തരത്തിൽ വലിയ രീതിയിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചതിലെ അപാകത അന്നുതന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. നിർമാണം പൂർത്തിയായി ടാറിങ് മുക്കാൽ ഭാഗവും പൂർത്തിയായ ശേഷമാണ് റോഡ് തകർന്നത്. റോഡ് തകർന്നതോടെ ഇതുവഴി ഗതാഗതം നിർത്തി വച്ചിരുന്നു.വയഡക്ട് പാലം നിർമിക്കുന്നതിന് മുൻപായി ഇരു ഭാഗത്തേയും സർവീസ് റോഡുകൾ പുനർ നിർമിച്ചാണ് ഇവിടെ ഗതാഗത സൗകര്യം ഒരുക്കിയത്. ഇപ്പോൾ സർവീസ് റോഡിലൂടെയാണ് ഗതാഗതം നടത്തുന്നത്. പാലം പൂർത്തിയാകുന്നതോടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.
Source link


