NEWS

വയനാട് ദുരന്താതിജീവിത ശ്രുതിയും സന്ദീപും ഗുരുവായൂരിൽ വിവാഹിതരായി

വയനാട് ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് ശ്രുതിയും സന്ദീപും വിവാഹിതരായത്. മാനന്തവാടി സ്വദേശിയും വയനാട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥനുമാണ് വരനായ സന്ദീപ്. മുന്‍മന്ത്രി കെ. രാജന്‍ ശ്രുതിയുടെ പിതൃസ്ഥാനത്തുനിന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി. നേരത്തെ 2024 ജൂലൈയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

ദുരന്തങ്ങളുടെ കയ്‌പേറിയ അനുഭവങ്ങളെ അതിജീവിച്ചാണ് ശ്രുതി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്കൊപ്പം നിന്നയാളാണ് സന്ദീപ് എന്ന് വിവാഹശേഷം ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകാൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും അവൾ കൂട്ടിച്ചേർത്തു. പിന്തുണ നൽകിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് സന്ദീപും പ്രതികരിച്ചു.

വയനാട്ടിലുണ്ടായ ദുരന്തത്തിൽ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ടുപിന്നാലെ നടന്ന വാഹനാപകടത്തിൽ ശ്രുതിയുടെ അന്നത്തെ പ്രതിശ്രുത വരനും മരണപ്പെട്ടിരുന്നു. അപകടത്തിൽ ശ്രുതിക്കും സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സർക്കാർ ശ്രുതിക്ക് ജോലി നൽകി കൂടെ നിൽക്കുകയായിരുന്നു.

Sports ⏭️

Read News ⏭️

Back to top button