NEWS

പഴയ ടേപ് റിക്കാർഡറുമായി നടുറോഡിൽ നൃത്തം: മംഗലത്ത് പൊലീസുമായി ഏറ്റുമുട്ടിയ നാലംഗ സംഘം അറസ്റ്റിൽ

ആലപ്പുഴ ∙ മംഗലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച നാലംഗ സംഘം പിടിയിലായി. മംഗലം സ്വദേശികളായ ആഷ്‌ലി, ഷിജിൽ, അഭിഷേക്, അർജുൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെ മംഗലം റെയിൽവേ ഗേറ്റിനു തെക്കുഭാഗത്തുള്ള തീരദേശ റോഡിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പഴയൊരു ടേപ് റിക്കാർഡറുമായി റോഡിൽ നൃത്തം വെക്കുകയായിരുന്ന യുവാക്കളെ തടയാൻ ശ്രമിച്ച പൊലീസുകാരുമായി സംഘം തർക്കത്തിലാവുകയായിരുന്നു. ഇതിനിടയിൽ പ്രകോപിതരായ സംഘം പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും, ഒരാളുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. സംഘർഷത്തിനിടയിൽ മറ്റൊരു പൊലീസുകാരന്റെ കൈക്കും പരിക്കേറ്റു.

ഓട്ടോറിക്ഷയിൽ കയറിയ വയോധികയ്ക്ക് ലക്ഷ്യസ്ഥാനത്തെത്താൻ വഴി പറഞ്ഞു കൊടുക്കാൻ കഴിയാതെ വന്നതിനെ തുടർന്ന്, ഡ്രൈവർ അവരെ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പൊലീസ് സുരക്ഷയോടെ ഇവരെ മംഗലത്തെ വീട്ടിലെത്തിച്ച ശേഷം സ്റ്റേഷനിലേക്ക് മടങ്ങുന്ന വഴിയിലാണ്, റോഡിൽ സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തും ഗതാഗതം തടസ്സപ്പെടുത്തിയും യുവാക്കൾ അഴിഞ്ഞാടുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരും നാട്ടുകാരും ഭീതിയോടെ നോക്കിനിന്ന സാഹചര്യത്തിൽ, ബഹളമുണ്ടാക്കാതെ സ്ഥലം വിടാൻ എസ്ഐ അനിൽ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ അത് അവഗണിക്കുകയായിരുന്നു.

Fashion ⏭️

Back to top button