അഫ്സൽ സായയെ ജോലിക്ക് വിടാറില്ലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ: പുറമേയുള്ള തിളക്കത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

കൊല്ലം∙ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) താൻ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് ഉറ്റസുഹൃത്തിനോട് തുറന്നുപറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്ത്. വീട്ടിലെ അസ്വാരസ്യങ്ങളെക്കുറിച്ച് പലതവണ ചോദിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ അവർ മടിച്ചിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിലനിന്നിരുന്നതായും ഭർത്താവ് അഫ്സലുമായി നിരന്തരം കലഹങ്ങൾ ഉണ്ടായിരുന്നുവെന്നും സായ സുഹൃത്തിനോട് വ്യക്തമാക്കിയിരുന്നു.
അഫ്സലിന്റെ അമിതമായ നിയന്ത്രണങ്ങൾ സായയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. മികച്ചൊരു ജോലി ലഭിച്ചിട്ടും അഫ്സൽ അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് സായയ്ക്ക് ജോലിക്ക് പോകാൻ കഴിയാതിരുന്നത്. ഒടുവിൽ, ഈ സാഹചര്യത്തിൽ നിന്നെല്ലാം മാറി കൊച്ചിയിലേക്ക് താമസം മാറാൻ സായ പദ്ധതിയിട്ടിരുന്നുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. പുറമെ കാണുമ്പോൾ എല്ലാം ഭംഗിയാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ വലിയ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിൽ നിന്നെല്ലാം എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുഹൃത്തുമായുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ സായ സൂചിപ്പിക്കുന്നുണ്ട്.
ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകളായ സായയെ ഒക്ടോബർ 31നാണ് ഭർതൃവീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണദിവസം വൈകുന്നേരം നാലുമണിയോടെ വീട്ടിൽ നിന്ന് തർക്കങ്ങളും ബഹളങ്ങളും കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകി. സായയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ സ്വർണം വിറ്റ് കാറിന്റെ തിരിച്ചടവ് തുക നൽകണമെന്നും ഭർത്താവിനോട് ഇപ്പോഴും സ്നേഹം മാത്രമാണുള്ളതെന്നുമാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്.




