അബുദാബി ഹോട്ടലിന് മുന്നിൽ താരങ്ങളുടെ ഏറ്റുമുട്ടൽ; എട്ടുപേർ പിടിയിൽ, ദൃശ്യങ്ങൾ പകർത്തിയവർക്കെതിരെയും നടപടി

അബുദാബിയിൽ നടന്ന റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ (ആർഎഫ്) മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രശസ്തരായ യുഎഫ്സി താരങ്ങൾ ഹോട്ടലിന്റെ മുൻവശത്തുവെച്ച് പരസ്പരം ഏറ്റുമുട്ടി. പഴയകാല പകയുടെ ബാക്കിപത്രമെന്നോണം നടന്ന ഈ സംഘർഷത്തിൽ താരങ്ങളും അവരുടെ സഹായികകളും ഉൾപ്പെടെ ആകെ എട്ടുപേരെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. ഈ അനിഷ്ട സംഭവം മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. മൊത്തം പത്തുപേർക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് വിട്ടതായും അധികൃതർ അറിയിച്ചു.
നേരിട്ട് പോരാടാൻ താൽപര്യമുണ്ടെങ്കിൽ മുന്നോട്ട് വരാൻ വെല്ലുവിളിച്ചുകൊണ്ടാണ് താരങ്ങൾ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് വഴിമാറിയത്. പ്രശസ്തരായ കായിക താരങ്ങൾ ആണെന്നതുകൊണ്ട് മാത്രം ആർക്കും നിയമം കൈയ്യിലെടുക്കാൻ അവകാശമില്ലെന്നും, പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയും ക്രമസമാധാനം തകർക്കുന്നവർക്കെതിരെയും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും പൂർണമായി മാനിക്കണമെന്നും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പോലീസ് കർശനമായി ഓർമിപ്പിച്ചു.




