NEWS

രാജഗിരിയിൽ ശസ്ത്രക്രിയ കഴിഞ്ഞ ഒരുവയസ്സുകാരിക്ക് യുഗാണ്ടൻ നൃത്തസംഘം ഗെറ്റോ കിഡ്‌സിന്റെ വൻ സ്വീകരണം

കൊച്ചി: ലോകശ്രദ്ധയാകർഷിച്ച യുഗാണ്ടൻ നൃത്തവിസ്മയമായ ഗെറ്റോ കിഡ്‌സ് തങ്ങളുടെ തകർപ്പൻ ചുവടുകളിലൂടെ രാജഗിരി ആശുപത്രിയുടെ കരുതലിനെ ലോകത്തിനു മുമ്പിൽ അടയാളപ്പെടുത്തുന്നു. ജന്മനാ ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങളുമായി യുഗാണ്ടയിൽ നിന്നും കൊച്ചിയിലെത്തിയ റൗദ അമീറ കിബോനെക്ക എന്ന ഒരുവയസ്സുകാരി, അസുഖം ഭേദമായി നാട്ടിലെത്തിയപ്പോൾ ഗെറ്റോ കിഡ്‌സ് സംഘം അവൾക്ക് നൽകിയത് അവിസ്മരണീയമായ സ്വീകരണമാണ്. ലോകകപ്പ് വേദിയിൽ വരെ തങ്ങളുടെ നൈപുണ്യം തെളിയിച്ച ഈ നർത്തകർ, റൗദയുടെ തിരിച്ചുവരവിനെ ഏറെ ആവേശത്തോടെയാണ് വരവേറ്റത്.

ഹൃദയ അറകൾക്കിടയിലുള്ള സുഷിരവും വാൽവിലെ തകരാറുകളും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഈ പിഞ്ചുകുഞ്ഞ്. ഈ ഘട്ടത്തിലാണ് സഹായഹസ്തവുമായി ഗെറ്റോ കിഡ്‌സ് ഫൗണ്ടേഷൻ രംഗത്തെത്തിയത്. തുടർചികിത്സയ്ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും രാജഗിരി ആശുപത്രിയിൽ ഒരുക്കാൻ ഈ കൂട്ടായ്മ മുൻകൈ എടുത്തു. രാജ്യാന്തര തലത്തിൽ കുട്ടികൾക്കായി നടപ്പിലാക്കുന്ന ‘മിഷൻ ഫോർ ലിറ്റിൽ ഹാർട്ട്‌സ്’ എന്ന ഹൃദയശസ്ത്രക്രിയ പദ്ധതിയുടെ ഭാഗമായാണ് റൗദയ്ക്ക് രാജഗിരിയിൽ ചികിത്സ ലഭ്യമാക്കിയതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അറിയിച്ചു.

Fashion ⏭️

Back to top button