AUTO

ടാറ്റ സിയേറ ഇവിക്ക് 5 സ്റ്റാർ റേറ്റിംഗ്; സുരക്ഷാ പരീക്ഷയിൽ കരുത്ത് തെളിയിച്ച് ടാറ്റ മോട്ടോഴ്സ്

സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ടാറ്റ മോട്ടോഴ്‌സിന്റെ വിശ്വാസ്യത വീണ്ടും അരക്കിട്ടുറപ്പിച്ചുകൊണ്ട് സിയേറ ഇവി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയിരിക്കുന്നു. ഭാരത് എൻസിഎപി നടത്തിയ കടുപ്പമേറിയ പരീക്ഷയിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ഇലക്ട്രിക് എസ്‌യുവി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ വളരെ മികച്ച സ്കോറാണ് സിയേറ ഇവി നേടിയത്. ഫ്രണ്ടൽ ഓഫ്സെറ്റ് ഡിഫോമെബിൾ ബാരിയർ പരീക്ഷണത്തിൽ 16-ൽ 14.62 പോയിന്റ് വാഹനം സ്വന്തമാക്കി. ഡ്രൈവർക്കും മുൻനിര യാത്രക്കാരനും തല, നെഞ്ച്, ഇടുപ്പ് തുടങ്ങിയ ശരീരഭാഗങ്ങൾക്ക് ഉയർന്ന സുരക്ഷ നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്ന് ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, കാലുകൾക്കുള്ള സംരക്ഷണത്തിലും വാഹനം മികച്ച നിലവാരം പുലർത്തുന്നുണ്ട്. വശങ്ങളിൽ നിന്നുള്ള ആഘാതങ്ങളെ നേരിടുന്ന സൈഡ് മൂവബിൾ ഡിഫോമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിക്കൊണ്ട് സിയേറ ഇവി കരുത്ത് കാട്ടി. മുതിർന്നവരുടെ സുരക്ഷയിൽ മൊത്തം 95.7 ശതമാനം പോയിന്റാണ് വാഹനം നേടിയത്.

കുട്ടികളുടെ സുരക്ഷയിലും സിയേറ ഇവി ഒട്ടും പിന്നിലല്ല. ഡൈനാമിക് അസെസ്മെന്റിൽ 24-ൽ 24 പോയിന്റും നേടി വാഹനം ചരിത്രം കുറിച്ചു. 18 മാസം, മൂന്ന് വയസ്സ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെ ഡമ്മികൾ ഉപയോഗിച്ച് നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ, മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള ആഘാതങ്ങളെ ഫലപ്രദമായി ചെറുക്കാൻ സിയേറയ്ക്ക് സാധിച്ചു.

നേരത്തെ തന്നെ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയ സിയേറയുടെ ഐസിഇ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ രസകരമായ ചില കണക്കുകൾ പുറത്തുവരുന്നുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ ഐസിഇ പതിപ്പ് 32-ൽ 31.14 പോയിന്റ് നേടിയപ്പോൾ, ഇവി പതിപ്പ് 30.62 പോയിന്റാണ് കൈവരിച്ചത്. എന്നാൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഐസിഇ പതിപ്പിനേക്കാൾ (44.73) ഒരുപടി മുന്നിലാണ് സിയേറ ഇവി (45 പോയിന്റ്). ഈ ചെറിയ പോയിന്റ് വ്യത്യാസങ്ങൾ ഒന്നും തന്നെ രണ്ട് പതിപ്പുകളുടെയും അഞ്ച് സ്റ്റാർ സുരക്ഷാ പദവിയെ ബാധിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വിപണിയിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ, മുതിർന്നവരുടെ സുരക്ഷയിൽ മഹീന്ദ്ര ബിഇ 6 സ്‌പോർടെക് (31.97), മാരുതി സുസുക്കി ഇ വിറ്റാര (31.49) എന്നിവയേക്കാൾ നേരിയ കുറവ് സിയേറ ഇവിക്ക് ഉണ്ടെങ്കിലും, വിൻഫാസ്റ്റ് വിഎഫ്6 (27.13) എന്ന മോഡലിനേക്കാൾ മികച്ച പ്രകടനമാണിത് കാഴ്ചവെച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയിൽ മഹീന്ദ്ര ബിഇ 6 സ്‌പോർടെക്കിന് തുല്യമായ 45 പോയിന്റാണ് സിയേറ ഇവിക്കുള്ളത്. ഇ വിറ്റാര (43), വിൻഫാസ്റ്റ് വിഎഫ്6 (44.41) എന്നിവയാണ് മറ്റ് മോഡലുകൾ. ഈ നാല് വാഹനങ്ങളും സുരക്ഷാ പരിശോധനയിൽ അഞ്ച് സ്റ്റാർ റേറ്റിങ് നേടിയവയാണെന്നത് ശ്രദ്ധേയമാണ്.

Sports ⏭️

Back to top button