പത്മജ വേണുഗോപാൽ ബിജെപി വിട്ടു; പാർട്ടി നിലപാടുകളിൽ അതൃപ്തിയെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം∙ ബിജെപിയിൽ നിന്നും പത്മജ വേണുഗോപാൽ പടിയിറങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഫോണിലൂടെ സംസാരിച്ച് തന്റെ നിലപാട് വ്യക്തമാക്കിയ പത്മജ, രാജിക്കത്ത് ഇമെയിൽ മുഖേന കൈമാറുകയും ചെയ്തു. നിലവിൽ വിദേശത്തായ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചാണ് അവർ രാജിക്കാര്യം അറിയിച്ചത്. ബിജെപിയുടെ സംഘടനാപരമായ ആശയങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്മജ പാർട്ടി വിടാൻ തീരുമാനിച്ചത്.
കെ. കരുണാകരന്റെ മകൾ എന്ന നിലയിൽ പത്മജ കോൺഗ്രസിലേക്ക് തന്നെ തിരികെ വരണമെന്ന സമ്മർദം കുടുംബാംഗങ്ങളിൽ നിന്നും മറ്റും ശക്തമായിരുന്ന സാഹചര്യത്തിലാണ് അവർ ബിജെപി വിടാനുള്ള നിർണ്ണായക തീരുമാനം എടുത്തതെന്നാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പത്മജ തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇതിനോട് പ്രതികരിച്ചത്. അതേസമയം, രാജിവെച്ച ശേഷം പത്മജ തിരികെ കോൺഗ്രസിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അക്കാര്യം നേതൃത്വം ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.




