പരിശോധനാ ഫലങ്ങൾ വൈകുന്നു; ലാബുകളിൽ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് സാംപിളുകൾ

കൊല്ലം ∙ കൊലപാതകം, ലൈംഗിക അതിക്രമങ്ങൾ, പോക്സോ തുടങ്ങിയ അതീവ ഗൗരവകരമായ ക്രിമിനൽ കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിന് നിർണായകമാകുന്ന ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള 36,802 സാംപിളുകൾ ഫൊറൻസിക് ലാബുകളിൽ പരിശോധന കാത്ത് കെട്ടിക്കിടക്കുന്നു. ശാസ്ത്രീയ പരിശോധനകളിലുള്ള ഈ അമിത കാലതാമസം കേസ് അന്വേഷണത്തെയും കോടതി നടപടികളെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. പോക്സോ അടക്കമുള്ള കേസുകളിൽ നീതി ഉറപ്പാക്കുന്നതിൽ ഫൊറൻസിക് പരിശോധനയിലെ കാലതാമസം വലിയ തടസ്സമാണെന്ന് ഹൈക്കോടതി മുൻപ് നിരീക്ഷിച്ചിരുന്നെങ്കിലും, കാര്യങ്ങൾ പഴയപടിയാണ് തുടരുന്നത്.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഡിഎൻഎ സാംപിളുകളുടെ എണ്ണം മാത്രം 6604 ആണ്; ഇതിൽ പിതൃത്വ നിർണയവുമായി ബന്ധപ്പെട്ട കേസുകളും ഉൾപ്പെടുന്നു. വിവരാവകാശ രേഖകൾ പ്രകാരം, സൈബർ വിഭാഗത്തിൽ മാത്രം 13,716 കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. കൂടാതെ, സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 38,000 ഓളം ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധനയ്ക്കായി ഫൊറൻസിക് ലാബുകളിൽ എത്തിച്ചിട്ടുണ്ട്.
കാലം കഴിയുന്തോറും കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നതും, രക്തപരിശോധനയ്ക്കു പുറമെ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ നിർദേശങ്ങൾ നൽകുന്നതും ലാബുകളിലെ ജോലിഭാരം വർധിപ്പിക്കുന്നു. അതേസമയം, ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ഫൊറൻസിക് ലാബുകളിൽ നിന്നുള്ള സൂചന.




