NEWS

യുഎഇ അമുസ്‌ലിം ആരാധനാലയങ്ങൾ: ചട്ടലംഘനത്തിന് മൂന്ന് മാസത്തെ പ്രവർത്തനവിലക്ക്

അബുദാബി ∙ യുഎഇയിൽ അമുസ്‌ലിം ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും കാറ്റിൽപ്പറത്തിയാൽ വൻ തുക പിഴയൊടുക്കേണ്ടി വരും. പരമാവധി 7.5 ലക്ഷം ദിർഹം വരെ പിഴ ചുമത്താവുന്ന തരത്തിലുള്ള കർശന വ്യവസ്ഥകളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുക, അനുമതി കൂടാതെ വിദേശത്തേക്ക് പണം അയക്കുക, വിദേശ സർക്കാർ ഏജൻസികളുമായി നേരിട്ട് ബന്ധം പുലർത്തുക തുടങ്ങി 24 തരം കുറ്റകൃത്യങ്ങൾക്കാണ് കാബിനറ്റ് പിഴയും നടപടികളും നിശ്ചയിച്ചിരിക്കുന്നത്.

മുന്നറിയിപ്പ് നൽകുന്നത് മുതൽ പിഴ ചുമത്തൽ, പ്രവർത്തനങ്ങൾ തടയൽ തുടങ്ങിയ വിവിധ ശിക്ഷാ നടപടികൾ നിയമലംഘനങ്ങൾക്കനുസരിച്ച് സ്വീകരിക്കും. തുടർച്ചയായി നാല് തവണ നിയമം ലംഘിക്കുകയാണെങ്കിൽ, മൂന്ന് മാസം വരെ ആരാധനാലയത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ അധികാരികൾക്ക് അധികാരമുണ്ട്. ആവശ്യമെങ്കിൽ ഈ വിലക്ക് വീണ്ടും നീട്ടാനും വ്യവസ്ഥയിൽ പറയുന്നു.

വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചാൽ ആദ്യ തവണ ഒരു ലക്ഷം ദിർഹവും, രണ്ടാം തവണ 2.5 ലക്ഷവും, മൂന്നാം തവണ 5 ലക്ഷം ദിർഹവുമാണ് പിഴയായി നൽകേണ്ടി വരിക. അനുവാദമില്ലാതെ വിദേശത്തേക്ക് സാമ്പത്തിക സഹായങ്ങളോ പണമോ അയച്ചാൽ യഥാക്രമം 50,000, ഒരു ലക്ഷം, 2.5 ലക്ഷം ദിർഹം എന്നിങ്ങനെയായിരിക്കും പിഴത്തുക. കൂടാതെ, അനുമതിയില്ലാതെ സംഭാവനകൾ പിരിക്കുകയോ ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകുകയോ ചെയ്താൽ ഒരു ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.

ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുക, സ്ഥാപനത്തിന്റെ മേൽനോട്ടത്തിനായി ചുമതലപ്പെട്ട വ്യക്തിയെ നിയമിക്കാതിരിക്കുക, വാർഷിക പൊതുയോഗങ്ങൾ വിളിച്ചു ചേർക്കാതിരിക്കുക, ഭരണസമിതിയിൽ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുക, കൃത്യമായ സാമ്പത്തിക രേഖകളും കണക്കുകളും പരിപാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളും കടുത്ത ശിക്ഷാനടപടികൾ ക്ഷണിച്ചുവരുത്തുന്നതാണ്.

Fashion ⏭️

Back to top button