സ്പാകളിലും മസാജ് സെന്ററുകളിലും വാതിലുകൾക്ക് കുറ്റിയോ പൂട്ടോ പാടില്ല: കർശന നിർദേശവുമായി സർക്കാർ

തിരുവനന്തപുരം ∙ നഗരത്തിലെ സ്പാ, മസാജ് സെന്ററുകൾ, വെൽനസ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണങ്ങളുമായി തിരുവനന്തപുരം കോർപറേഷൻ രംഗത്ത്. ഇത്തരം സ്ഥാപനങ്ങളിലെ ചികിത്സാ മുറികൾക്ക് ഉള്ളിൽ നിന്നോ പുറത്തു നിന്നോ പൂട്ടിയിടാൻ കഴിയുന്ന സംവിധാനങ്ങൾ പാടില്ലെന്ന് അധികൃതർ നിർദേശിച്ചു. സ്പാകളുടെ മറവിൽ ലൈംഗികച്ചുവയുള്ള പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നുവെന്ന പരാതികൾ ഉയർന്നതിനെത്തുടർന്നാണ് കോർപറേഷന്റെ ഈ സുപ്രധാന തീരുമാനം.
ചികിത്സാ മുറികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവിടെ സിസിടിവി ക്യാമറകൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, റിസപ്ഷൻ, വെയിറ്റിങ് ഏരിയ, ഇടനാഴികൾ, തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ നിർബന്ധമായും സിസിടിവി സ്ഥാപിക്കണം. ഈ ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസം സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോർപറേഷൻ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മസാജ് സെന്ററുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. കൂടാതെ, ലൈസൻസിനായി അപേക്ഷിക്കുമ്പോൾ സ്ഥാപന ഉടമയും ജീവനക്കാരും തങ്ങളുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങി ഹാജരാക്കണമെന്നും നിർദേശത്തിൽ പ്രത്യേകം ഊന്നിപ്പറയുന്നു.




