ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കിലെത്തിയ മുഖംമൂടി സംഘം: പൊലീസുകാരന്റെ മരണത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ്∙ പഞ്ചാബിൽ പൊലീസുകാരനായ വിനോദ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തെ നിർണായകമായി സ്വാധീനിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിനോദിനെ ആക്രമികൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മുഖംമൂടി അണിഞ്ഞെത്തിയ രണ്ട് അക്രമികൾ ചേർന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശിരോമണി അകാലിദൾ നേതാവായ ബിക്രം സിങ് മജിതിയ വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന ‘തെഹ്രീകെ താലിബാൻ ഹിന്ദുസ്ഥാൻ’ എന്ന ഭീകരവാദ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇവരുടെ ഒരു പോസ്റ്ററിൽ, “ഇനി ഞങ്ങൾ തെരുവുകളിൽ മാത്രമല്ല, വീടുകളിൽ കയറി രക്തച്ചൊരിച്ചിൽ നടത്തും” എന്ന് ഭീഷണി മുഴക്കുന്നുമുണ്ട്. അതേസമയം, പ്രചരിക്കുന്ന പോസ്റ്ററുകളുടെ വിശ്വാസ്യതയെക്കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @bsmajithia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)




