NEWS

പരിഷ്കാരങ്ങൾക്കിടെ വിവാദങ്ങൾ; ഫണ്ട് തടയലില്ലെന്ന് അധികൃതർ; റാങ്കിംഗിനേക്കാൾ ഗ്രേഡിംഗിന് മുൻതൂക്കം

കുസാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രഫസറായ ഡോ. ഡി. മാവൂത് എംജി സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുത്ത സമയം മുതൽ വിവാദങ്ങൾ അദ്ദേഹത്തെ വിട്ടുമാറാതെ പിന്തുടരുകയാണ്. സർവകലാശാലയിൽ കാവിവൽക്കരണ അജണ്ട നടപ്പിലാക്കുന്നുവെന്ന ഗുരുതരമായ വിമർശനമാണ് ഉയരുന്നത്. പാറ്റയുടെ ചിത്രം പതിച്ച പോസ്റ്റർ ഉപയോഗിച്ചെന്നാരോപിച്ച് സർവകലാശാലാ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്ക് ധനസഹായം നിഷേധിച്ചതായിരുന്നു തുടക്കം. പിന്നാലെ, പ്രമുഖ അധ്യാപകനും എഴുത്തുകാരനും നടനുമായിരുന്ന ഡോ. വി. സി. ഹാരിസിന്റെ അനുസ്മരണ ചടങ്ങുകൾക്കും ഫണ്ട് നൽകാൻ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെ ക്യാമ്പസിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ വിഷയങ്ങളിൽ ഡോ. ഡി. മാവൂത് പ്രതികരിക്കുന്നു.

ചോദ്യം: വൈസ് ചാൻസലർ പദവി ഏറ്റെടുത്ത ശേഷം നിരന്തരം വിവാദങ്ങൾ പിന്തുടരുന്ന സാഹചര്യമാണല്ലോ നിലവിലുള്ളത്? ഇതിലെ പാളിച്ചകൾ എവിടെയാണ്?

ഉത്തരം: മുൻകാലങ്ങളിൽ കാര്യങ്ങളെ കൃത്യമായ രീതിയിൽ വിശകലനം ചെയ്യുകയോ ‘ക്രിട്ടിക്കൽ തിങ്കിംഗ്’ പ്രയോഗിക്കുകയോ ചെയ്യാതെ, ചില വ്യക്തികളുടെ ശുപാർശകൾ മാത്രം മാനിച്ച് കണ്ണടച്ച് കാര്യങ്ങൾ അംഗീകരിക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. ആ രീതിയിൽ മാറ്റം കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ ഇളവുകൾ, സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള മികച്ച മാതൃകയാണ്. പുതിയ ആശയങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ വിവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. എങ്കിലും, ഇത്തരം തടസ്സങ്ങൾ സർവകലാശാലയുടെ ലക്ഷ്യങ്ങളെ ബാധിക്കില്ല.

ചോദ്യം: സർവകലാശാലയുടെ അക്കാദമിക് നിലവാരം കുറഞ്ഞുവെന്നും മികവിന്റെ റാങ്കിങ്ങുകളിൽ പിന്നാക്കം പോയെന്നും ആക്ഷേപമുയരുന്നുണ്ടല്ലോ?

ഉത്തരം: നിലവിൽ പരിഗണിച്ചിരിക്കുന്ന റാങ്കിങ് വിവരങ്ങൾ 2025-നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉണ്ടായ വീഴ്ചകൾ പരിശോധിക്കുകയും അവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും. മാത്രമല്ല, കേവലം റാങ്കിങ്ങുകളെ അപേക്ഷിച്ച് ഗ്രേഡിങ് സംവിധാനങ്ങൾ അക്കാദമിക മികവ് കൃത്യമായി അളക്കുന്നതും കൂടുതൽ വിശ്വസനീയവുമായ മാർഗമാണ്.

Fashion ⏭️

Back to top button