ആരോഗ്യസ്ഥിതി വഷളായെന്ന് ഇമ്രാൻ ഖാൻ: ജയിലിൽനിന്ന് പുറത്തുവരില്ലെന്ന് ആശങ്ക

കറാച്ചി∙ തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും, സമയബന്ധിതമായ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ജയിലിൽ നിന്ന് ജീവനോടെ മടങ്ങിയെത്താൻ സാധിക്കില്ലെന്നും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സുപ്രീം കോടതി, ഫെഡറൽ ഭരണഘടനാ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് അയച്ച തുറന്ന കത്തിലൂടെയാണ് തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. തനിക്കും ഭാര്യ ബുഷ്റ ബീബിക്കും അടിയന്തരമായി മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും കത്തിൽ അദ്ദേഹം അഭ്യർത്ഥിക്കുന്നു.
2023 മുതൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനെതിരെ അഴിമതിയുൾപ്പെടെ നൂറിലധികം കേസുകളാണ് നിലവിലുള്ളത്. “എഴുപത്തിനാലാം വയസ്സിൽ ഭരണകൂടം സ്വീകരിക്കുന്ന ഈ ക്രൂരമായ നിലപാട്, ജീവനോടെ തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലേക്കാണ് തന്നെ എത്തിക്കുന്നതെന്ന്” അദ്ദേഹം കത്തിൽ വേദനയോടെ കുറിച്ചു. കഴിഞ്ഞ ദിവസം റാവൽപിണ്ടിയിലെ അദിയാല ജയിലിൽ വെച്ച് ഇമ്രാൻ ഖാനെ സന്ദർശിച്ച അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്ദറാണ്, അദ്ദേഹം കൈമാറിയ കത്തിലെ വിവരങ്ങൾ എക്സിലൂടെ പുറത്തുവിട്ടത്.




