NEWS

ഇന്ത്യയുടെ സ്വർണ്ണശേഖരം: ആറ് സംസ്ഥാനങ്ങളിൽ വൻ നിക്ഷേപമെന്ന് കണ്ടെത്തൽ

രാജ്യത്തിന്റെ മണ്ണിൽ അലിഞ്ഞുചേർന്നു കിടക്കുന്ന ടൺ കണക്കിന് സ്വർണ്ണശേഖരം ഖനനം ചെയ്ത് പുറത്തെടുക്കാനുള്ള നിർണ്ണായകമായ നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ കർമ്മപദ്ധതി നിതി ആയോഗ് ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഖനന മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങളെയും സ്വകാര്യ കമ്പനികളെയും ആകർഷിക്കുന്നതിനായി നിയമങ്ങളിൽ ഭേദഗതി വരുത്താനും ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരും ബന്ധപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളും യോജിച്ചുള്ള പ്രവർത്തനമായിരിക്കും നടത്തുക.

മുൻകാലങ്ങളിൽ ഖനന മേഖലയിൽ നിക്ഷേപങ്ങൾ എത്തിക്കുന്നതിന് വലിയ തടസ്സങ്ങളുണ്ടായിരുന്നു. കൃത്യമായ സർവേ റിപ്പോർട്ടുകളുടെ അപര്യാപ്തത, ഖനികളുടെ ലേല നടപടികളിലെ അവ്യക്തത, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഖനന രീതികളുടെ അഭാവം എന്നിവ നിക്ഷേപകരെ ഈ രംഗത്തുനിന്ന് പിന്തിരിപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ തടസ്സങ്ങൾ നീക്കി നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 600 ടണ്ണോളം സ്വർണം മണ്ണിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അഥവാ 44-45 ശതമാനവും ബിഹാറിലാണുള്ളത്. രാജസ്ഥാൻ (25%), കർണാടക (21%), പശ്ചിമ ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്വർണ്ണത്തിന്റെ ലഭ്യത.

പ്രതിവർഷം ശരാശരി 800 ടൺ സ്വർണ്ണമാണ് ഇന്ത്യ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്. സ്വർണ്ണത്തിന്റെ അമിതമായ ഇറക്കുമതിയും വർദ്ധിച്ചുവരുന്ന വിലയും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയെയും വ്യാപാരക്കമ്മിയെയും സാരമായി ബാധിക്കുന്നുണ്ട്. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്കും കാരണമാകുന്നു. ആഭ്യന്തരമായി സ്വർണ്ണ ഉൽപാദനം വർദ്ധിപ്പിച്ചാൽ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. കൂടാതെ, ഇറക്കുമതി നിയന്ത്രിക്കാൻ മറ്റ് കർശന നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്.

ഇതിന്റെ ഭാഗമായി സ്വർണ്ണ ഇറക്കുമതി തീരുവ നേരത്തെ 15 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. അനാവശ്യമായി സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജനങ്ങൾക്ക് നൽകിയിരുന്നു. കൂടാതെ, വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം വിപണിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗോൾഡ് മോണിറ്റൈസേഷൻ’ പദ്ധതി കൂടുതൽ ശക്തമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഫലമായി, ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സ്വർണ്ണ ഇറക്കുമതിയിൽ 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Fashion ⏭️

Back to top button