NEWS

ട്രംപ് വിജയം: യുഎസ് എണ്ണ വിപണിയിൽ പുട്ടിന് നേട്ടം

1993-ൽ പുറത്തിറങ്ങിയ ‘ഭാഗ്യവാൻ’ എന്ന ചിത്രത്തിൽ ശ്രീനിവാസൻ അനശ്വരമാക്കിയ കഥാപാത്രത്തിന്റെ ജാതകവിശേഷമായി പരാമർശിക്കുന്ന ‘അലഭ്യ ലഭ്യശ്രീ’ എന്ന പ്രയോഗം മലയാളികൾക്ക് സുപരിചിതമാണ്. വമ്പിച്ച നേട്ടങ്ങൾ മുന്നിലെത്തുമ്പോഴും അതൊന്നും സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിയാത്ത ദയനീയമായ അവസ്ഥയാണിത്; എന്നാൽ, ഈ വ്യക്തിയുടെ സാന്നിധ്യം കൂടെയുള്ളവർക്ക് വലിയ ലാഭമുണ്ടാക്കി കൊടുക്കുകയും ചെയ്യും. കൃത്യമായി പറഞ്ഞാൽ, നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടന്നുപോകുന്നത് സമാനമായൊരു പ്രതിസന്ധിയിലൂടെയാണ്.

സ്വന്തം നാട്ടിലെ ഡീസൽ ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ട്രംപ് ഇളവ് വരുത്തിയത്. ഇതിന്റെ ഫലമായി ഒക്ടോബർ മാസത്തിൽ റഷ്യയിൽ നിന്നുള്ള ഡീസൽ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. എങ്കിലും, ആവേശകരമായ ഈ കണക്കുകൾക്ക് പിന്നിലും ഒരു കയ്പേറിയ സത്യമുണ്ട്: ഇതിൽ ഒരു തുള്ളി ഡീസൽ പോലും അമേരിക്കൻ മണ്ണിൽ കാലുകുത്തിയില്ല.

‘കെപ്ലർ’ (Kpler) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സെപ്റ്റംബറിൽ പ്രതിദിനം 1.35 ലക്ഷം ബാരൽ ഡീസൽ കയറ്റി അയച്ചിരുന്ന റഷ്യ, ഒക്ടോബറായപ്പോഴേക്കും അത് 2.71 ലക്ഷം ബാരലായി ഇരട്ടിപ്പിച്ചു. എന്നാൽ വർധിച്ച ഈ അളവ് യുഎസ് വിപണിയിൽ എത്തുന്നതിന് പകരം ബ്രസീൽ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വഴിതിരിച്ചു വിട്ടത്. ഇത് റഷ്യയുടെ വരുമാനം കുത്തനെ ഉയർത്താൻ സഹായിച്ചുവെന്നതാണ് മറ്റൊരു വസ്‌തുത. അമേരിക്കയിലേക്ക് തിരിച്ച കപ്പലുകൾ പലതും പാതിവഴിയിൽ ലക്ഷ്യം മാറ്റി സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്കൻ വ്യാപാരികൾ കാണിക്കുന്ന വിമുഖതയാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം. റഷ്യൻ ഡീസലുമായി വന്ന ഒരു കപ്പൽ ഇപ്പോഴും വാങ്ങുകാരെയും കാത്ത് അമേരിക്കൻ തീരത്തിന് പുറത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന പതിവ് മറുപടിയാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്നത്.

Fashion ⏭️

Back to top button