ജിസിസി രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക്: ലംഘകർക്ക് കർശന മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധവും സംശയാസ്പദവുമായ നീക്കങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താത്ത കെയർ ടേക്കർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വീഴ്ചകൾ വരുത്തുന്നവരെ നാടുകടത്തുമെന്നും, ഭാവിയിൽ ഇവർക്ക് കുവൈത്തിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം, തങ്ങൾ മേൽനോട്ടം വഹിക്കുന്ന പരിസരങ്ങളിൽ അരങ്ങേറുന്ന നിയമലംഘനങ്ങളെക്കുറിച്ചും സംശയകരമായ സാഹചര്യങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ യഥാസമയം അറിയിക്കാൻ കെയർ ടേക്കർമാർ ബാധ്യസ്ഥരാണെന്ന് സുരക്ഷാ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് അനിവാര്യമാണ്. ലഭിക്കുന്ന പരാതികളിലും രഹസ്യ വിവരങ്ങളിലും സുരക്ഷാ വിഭാഗം അങ്ങേയറ്റം ഗൗരവത്തോടെയും കർശനമായും ഇടപെടും.
നാടുകടത്തപ്പെടുന്നവരുടെ വിശദാംശങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തമ്മിൽ കൈമാറുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനം നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു. അതിനാൽ, നാടുകടത്തൽ നടപടി നേരിടുന്നവർക്ക് മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനും ഭാവിയിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.




