വിമാനത്താവളത്തിൽ മൂന്ന് ഭാര്യമാർ; നാട്ടിലെത്തിയ പ്രവാസിയെ കാത്തുനിന്നത് വൻ നാടകീയ രംഗങ്ങൾ

ധാക്ക ∙ മലേഷ്യയിൽനിന്ന് മടങ്ങിയെത്തിയ ബംഗ്ലദേശി യുവാവിനെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. തങ്ങളാണ് യുവാവിന്റെ നിയമപരമായ പങ്കാളികളെന്ന് അവകാശപ്പെട്ട് മൂന്നുപേരും ഒരേസമയം എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
യുവാവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ മൂവരും തമ്മിൽ കടുത്ത വാഗ്വാദം ഉണ്ടാവുകയും, ഒടുവിൽ പരസ്പരം ബലപ്രയോഗത്തിലൂടെ യുവാവിനെ വലിച്ചിഴയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. 2026 നവംബർ പത്തിനാണ് ഈ സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മലേഷ്യയിൽനിന്നും തിരിച്ചെത്തിയ ഭർത്താവിനെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന ഭാര്യമാർ, അദ്ദേഹം പുറത്തിറങ്ങിയതോടെ തർക്കം ആരംഭിക്കുകയായിരുന്നു. യുവാവിനെ സ്വന്തം ഭാഗത്തേക്ക് വലിച്ചെടുക്കാൻ സ്ത്രീകൾ ശ്രമിച്ചതോടെ വിമാനത്താവള പരിസരം അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി.
എങ്കിലും, സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെയോ സ്ത്രീകളെയോ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മാധ്യമങ്ങളോ അധികൃതരോ ഈ വ്യക്തികളുടെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുമില്ല. പ്രചരിക്കുന്ന ഈ വിഡിയോ യഥാർഥ സംഭവമാണോ അതോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ വലിയ സംശയമുണ്ട്. ‘ഉമീദ് ന്യൂസ്’ പോലുള്ള മാധ്യമങ്ങളും ഇക്കാര്യത്തിൽ സമാനമായ ആശങ്ക പങ്കുവെക്കുന്നുണ്ട്.
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് fb/Umeed News ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.




